എറണാകുളം: കരുവന്നൂർ സഹകരണ ബാങ്കിൽ വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ നൽകിയില്ലെന്ന ഹർജിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനോട് ഹൈക്കോടതി വിശദീകരണം തേടി ആധാരം ഉൾപ്പെടെയുള്ള രേഖകൾ ഇഡിയുടെ കൈവശമാണെന്ന് ബാങ്ക് വിശദീകരിച്ചിരുന്നു. തുടർന്നാണ് രേഖകൾ തിരിച്ചു നൽകാൻ എന്താണ് തടസ്സം എന്ന കാര്യത്തിൽ ജസ്റ്റിസ് സതീഷ് നൈനാൻ ഇഡിയോട് വിശദീകരണം തേടിയത്. 50 സെന്റ് വസ്തുവിന്മേലെടുത്ത രണ്ട് ലോണുകളും 2022 ഡിസംബറിൽ തിരിച്ചടച്ചെന്ന് ഹർജിക്കാരനായ തൃശൂർ ചെമ്മണ്ട സ്വദേശി ഫ്രാൻസിസ് വ്യക്തമാക്കിയിരുന്നു.
ബാങ്കിന്റെ ബാധ്യതയ്ക്ക് തന്‍റെ ആധാരം പിടിച്ചു വെക്കാൻ കഴിയില്ലെന്നും ബാങ്കുമായി ബന്ധപ്പെട്ട മറ്റ് സാമ്പത്തിക പ്രശ്നങ്ങളിൽ തനിക്ക് ബന്ധമില്ലെന്നും ഹർജിയിലുണ്ട്. ഹർജി അടുത്തയാഴ്ച കോടതി വീണ്ടും പരിഗണിക്കും. കരുവന്നൂർ കേസിൽ സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്.5 ദിവസത്തെ കസ്റ്റഡിയ്ക്കായി ചൊവ്വാഴ്ച കോടതിയിൽ അപേക്ഷ നൽകും. കേസിൽ അരവിന്ദാക്ഷൻ നൽകിയ ജാമ്യ ഹർജി അടുത്ത മാസം 6 ന് പരിഗണിക്കാൻ മാറ്റി.