CrimeNEWS

സഹകരണ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ്; തൃശൂരില്‍ ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ വയോധിക മരിച്ചു

തൃശൂര്‍: സഹകരണ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ മൂന്നു പേരില്‍ ഒരാള്‍ മരിച്ചു. കാതിക്കുടം സ്വദേശി തങ്കമണി (69) ആണ് കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടു മരിച്ചത്. ഞായറാഴ്ചയാണ് തങ്കമണി, മകള്‍ ഭാഗ്യലക്ഷ്മി (46), ചെറുമകന്‍ അതുല്‍ കൃഷ്ണ (10) എന്നിവരെ അമിതമായി ഉറക്കഗുളിക അകത്തു ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാതിക്കുടം മച്ചിങ്ങല്‍ ശ്രീവത്സനാണ് ഭാഗ്യലക്ഷ്മിയുടെ ഭര്‍ത്താവ്.

വീട്ടിലുണ്ടാക്കിയ പായസത്തില്‍ ഉറക്കഗുളിക അമിതമായി ചേര്‍ത്ത് കഴിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചതോടെ 3 പേര്‍ക്കും അസ്വസ്ഥതകള്‍ ഉണ്ടായി. ഉടന്‍തന്നെ ശ്രീവത്സന്‍ ഇവരെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയില്‍ എത്തിച്ചു. നില വഷളായതിനെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയിലേക്കു മാറ്റി.

Signature-ad

കാടുകുറ്റി സഹകരണ ബാങ്കില്‍ നിന്ന് 2019 ലാണ് കുടുംബം 16 ലക്ഷം രൂപ വായ്പയെടുത്തത്. ജന്മനാ അസുഖങ്ങളുള്ള അതുല്‍കൃഷ്ണയുടെ ചികിത്സയ്ക്ക് വന്‍തുക വേണമായിരുന്നു. തുടര്‍ചികിത്സയ്ക്കായി ബുദ്ധിമുട്ടിയതോടെ വായ്പ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 22 ലക്ഷം രൂപ തിരിച്ചടയ്ക്കാന്‍ വൈകിയതോടെ ബാങ്ക് ഡിമാന്‍ഡ് നോട്ടിസ് അയച്ചിരുന്നു.

അതേസമയം, ആത്മഹത്യ ശ്രമം നടത്തിയ കാതിക്കുടത്തെ കുടുംബത്തിന് ജപ്തി നോട്ടീസ് നല്കിയിട്ടില്ലെന്ന് കാടുകുറ്റി സഹകരണ ബാങ്ക് പ്രസിഡന്റ് അറിയിച്ചു. 2019ല്‍ ബാങ്കില്‍ നിന്നുമെടുത്ത വായ്പ പുതുക്കി വരുന്നതോടൊപ്പം തന്നെ തിരിച്ചടവിനായി സാവകാശം കൊടുക്കുകയും ബാങ്കിന്റെ ഭാഗത്ത് നിന്നും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ബാങ്കില്‍ നിന്നും ജപ്തി നോട്ടീസോ മറ്റ് നടപടികളോ ഉണ്ടായിട്ടില്ല. എന്നാല്‍ നടപടിക്രങ്ങളുടെ ഭാഗമായി സഹകരണ വകുപ്പ് നേരിട്ട് ഡിമാന്റ് നോട്ടീസ് കുടുംബത്തിന് നല്കിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.

 

Back to top button
error: