LIFEMovie

‘മാര്‍ക്ക് ആന്റണി’യുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കേണ്ടി വന്നെന്ന ആരോപണവുമായി നടന്‍ വിശാല്‍; രണ്ടു തവണയായി പണം കൈമാറിയതിന്റെ വിവരങ്ങൾ പങ്കുവച്ചു

ചെന്നൈ: സെൻസർ ബോർഡ് സർട്ടിഫിക്കറ്റിന് കൈക്കൂലി നൽകേണ്ടി വന്നെന്ന ആരോപണവുമായി നടൻ വിശാൽ. പുതിയ ചിത്രമായ മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നതായാണ് വിശാലിന്റെ വെളിപ്പെടുത്തൽ. മുംബൈയിലെ സെൻസർ ബോർഡ് ഓഫീസിൽ സർട്ടിഫിക്കറ്റിനായി സമീപിച്ചപ്പോഴാണ് അനുഭവം.

രണ്ടു തവണയായി പണം കൈമാറിയതിന്റെ വിവരങ്ങളും വിശാൽ പങ്കുവച്ചു. മൂന്നു ലക്ഷം രൂപ രാജൻ എന്നയാളുടെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജ രാംദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കുമാണ് അയച്ചത്. ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിശാൽ പുറത്തുവിട്ടു. തന്റെ സിനിമാ ജീവിതത്തിൽ ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണെന്ന് വിശാൽ പറഞ്ഞു. വിഷയത്തിൽ പ്രധാനമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഇടപെടണം. ഇത് തനിക്ക് വേണ്ടി മാത്രമല്ലെന്നും മറ്റ് നിർമാതാക്കൾക്ക് കൂടിയാണെന്നും വിശാൽ പറഞ്ഞു.

Signature-ad

രസകരമായ ഒരു ടൈം ട്രാവലാണ് വിശാൽ ചിത്രം മാർക്ക് ആന്റണി. സംവിധാനം ആദിക് രവിചന്ദ്രനാണ്. വർത്തമാനകാലത്ത് നിന്ന് ഭൂതകാലത്തേയ്ക്ക് ഫോൺ കോളിലൂടെ സഞ്ചരിക്കാനാകുന്നതും ചരിത്രത്തിൽ തിരുത്തലുകൾ വരുത്താൻ സാധിക്കുന്നതുമൊക്കെ പരാമർശിക്കുന്ന വേറിട്ട പ്രമേയവുമാണ് മാർക്ക് ആന്റണിക്ക്. തമിഴ് ബോക്‌സ് ഓഫീസിൽ കുതിക്കുന്ന ചിത്രത്തിൽ നായകൻ വിശാലിനു പുറമേ വില്ലനായി എസ് ജെ സൂര്യയും മറ്റ് പ്രധാന വേഷങ്ങളിൽ സുനിൽ, ശെൽവരാഘവൻ, ഋതു വർമ, യൈ ജി മഹേന്ദ്രൻ, നിഴൽഗൾ രവി, റെഡിൻ കിംഗ്‌സ്‌ലെ തുടങ്ങിയവരും ഉണ്ട്. കേരളത്തിലും മികച്ച പ്രതികരണം നേടുന്ന ചിത്രമാണ് മാർക്ക് ആന്റണി. വിജയ്ക്കും അജിത്തിനും സൂര്യക്കും കാർത്തിക്കും രജനികാന്തിനും ധനുഷിനുമൊക്കെ പിന്നാലെ വിശാലും ഇനി കേരളത്തിൽ ആരാധകരെ സ്വന്തമാക്കും എന്നാണ് പ്രതീക്ഷ.

Back to top button
error: