KeralaNEWS

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി; രാഷ്ട്രീയ പ്രവര്‍ത്തനം തുടരും

തിരുവനന്തപുരം: കൊല്‍ക്കത്ത സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ചുമതലയേല്‍ക്കുമെന്ന് നടനും രാജ്യസഭാ മുന്‍ എംപിയുമായ സുരേഷ് ഗോപി. സമൂഹമാധ്യമത്തിലെ കുറപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞയാഴ്ചയാണ് സുരേഷ് ഗോപിയെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ചെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചത്.

നിയമനം നടത്തും മുന്‍പ് അറിയിക്കാത്തതില്‍ അതൃപ്തിയുള്ളതിനാല്‍ ഉടന്‍ ചുമതലയേല്‍ക്കില്ലെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് ചുമതലയേല്‍ക്കുമെന്ന് താരം തന്നെ അറിയിച്ചത്. ഇതു ശമ്പളമുള്ള ജോലിയല്ലെന്നും പൂര്‍ണമായും രാഷ്ട്രീയക്കാരനായി തുടരാന്‍ സാധിക്കുമെന്നും അനുരാഗ് ഠാക്കൂര്‍ ഉറപ്പു നല്‍കിയതിനാലാണ് ചുമതലയേറ്റെടുക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ അദ്ദേഹം വീണ്ടും സ്ഥാനാര്‍ഥിയാകുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് പുതിയ നിയമനം.

Signature-ad

സുരേഷ് ഗോപിയുടെ കുറിപ്പ്:

കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള ക്ഷണത്തിനും സ്ഥിരീകരണത്തിനും ഇന്ത്യന്‍ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, എന്റെ സുഹൃത്തായ കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ എന്നിവര്‍ക്ക് നന്ദി.

100% ഇത് വരുമാനമുള്ള പദവിയല്ലെന്നും ശമ്പളമുള്ള ജോലിയല്ലെന്നും എല്ലാ രീതിയിലും രാഷ്ട്രീയക്കാരനായി തുടരാന്‍ സാധിക്കുമെന്നുള്ള മന്ത്രിയുടെ ഉറപ്പും ഉള്ളതുകൊണ്ടാണ് ഞാന്‍ ചുമതല ഏറ്റെടുക്കുന്നത്. അതിനാല്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിര്‍ദ്ദേശിച്ച തീയതിയിലും സമയത്തും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഞാന്‍ ചെയര്‍മാനായി ചുമതലയേല്‍ക്കും. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കൂ, അതുവഴി ലോകപ്രശസ്തനായ ഇന്ത്യന്‍ സിനിമകളിലെ ഷേക്‌സ്പിയറുടെ പേരിന് സര്‍ഗാത്മതയിലൂടെ ഞാന്‍ തിളക്കം നല്‍കും.

പി.എസ്: കേരളത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ജനവിഭാഗങ്ങള്‍ക്കു വേണ്ടിയുള്ള ഗാന്ധിജയന്തി റാലിക്ക് ഒരു തടസ്സവും ഉണ്ടാകില്ല. പ്രതിഷേധ മാര്‍ച്ചിനൊപ്പം ഞാനും പോകും.

 

Back to top button
error: