Social MediaTRENDING

വിദ്യാര്‍ത്ഥികളെ ‘ഗുഡ് ടച്ച്’ഉം ‘ബാഡ് ടച്ച്’ഉം എന്താണെന്ന് മനസിലാക്കിച്ച് നല്‍കുന്ന അധ്യാപികയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറൽ; അധ്യാപികയുടെ പ്രയത്നത്തെ അഭിനന്ദിച്ച് നെറ്റിസൺസ്

സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കാര്യമായ അവബോധം സൃഷ്ടിക്കാൻ അധികൃതരും സാമൂഹ്യപ്രവര്‍ത്തകരും സ്ത്രീമുന്നേറ്റ പ്രവര്‍ത്തകരുമെല്ലാം ഒരുപോലെ ശ്രമിക്കുമ്പോഴും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നമ്മുടെ സമൂഹത്തില്‍ തുടര്‍ക്കഥയാവുക തന്നെയാണ്. വളര്‍ന്നുവരുന്ന പെണ്‍മക്കളിലും ഈ വിഷയങ്ങള്‍ സംബന്ധിച്ച അവബോധം സൃഷ്ടിക്കാൻ മാതാപിതാക്കളും വീട്ടിലെ മുതിര്‍ന്നവരും അധ്യാപകരും അടക്കമുള്ള വിഭാഗങ്ങള്‍ ശ്രമിക്കേണ്ടതുണ്ട്. കുട്ടികളെ ഭയപ്പെടുത്താത്ത വിധം, എന്നാല്‍ അവരെ കാര്യങ്ങള്‍ ധരിപ്പിച്ചുകൊണ്ട് തന്നെ അവബോധം സൃഷ്ടിക്കണം. ഇത് അത്ര നിസാരമായ ജോലിയല്ല. മാതാപിതാക്കളും അധ്യാപകരും തന്നെയാണ് ഇക്കാര്യത്തില്‍ മുൻപന്തിയില്‍ നില്‍ക്കേണ്ടത്. ഇപ്പോഴിതാ സമാനമായ രീതിയില്‍ വിദ്യാര്‍ത്ഥികളെ ‘ഗുഡ് ടച്ച്’ഉം ‘ബാഡ് ടച്ച്’ഉം എന്താണെന്ന് മനസിലാക്കിച്ച് നല്‍കുന്ന അധ്യാപികയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Signature-ad

ഐപിഎസ് ഉദ്യോഗസ്ഥനായ ഡോ. ആര്‍ സ്റ്റാലിൻ പങ്കുവച്ചതോടെയാണ് വീഡിയോ നിരവധി പേര്‍ ഷെയര്‍ ചെയ്തത്. കുട്ടികളെ വട്ടത്തിലിരുത്തി, അവര്‍ക്കെല്ലാം കാണാനും കേള്‍ക്കാനും മനസിലാക്കാനും സാധിക്കുന്ന രീതിയില്‍ നടുക്ക് ഒരു വിദ്യാര്‍ത്ഥിയെ നിര്‍ത്തി, ടീച്ചര്‍ തന്നെയാണ് എന്താണ് ശരിയായ അര്‍ത്ഥത്തില്‍ സ്പര്‍ശം, എന്താണ് മോശമായ അര്‍ത്ഥത്തിലുള്ള സ്പര്‍ശമെന്ന് പഠിപ്പിക്കുന്നത്. മോശമായ രീതിയില്‍ സ്പര്‍ശിച്ചാല്‍ അരുത് എന്ന് ഉറച്ചുപറയാനും മാറിപ്പോകാനുമാണ് ടീച്ചര്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നത്. മറിച്ച് ആരോഗ്യകരമായ സ്പര്‍ശമാണെങ്കില്‍ വിമുഖതയില്ലാതെ തുടരാനും അവര്‍ പരിശീലിപ്പിക്കുന്നു.

എല്ലാ കുട്ടികള്‍ക്കും ഈ അറിവ് ഉണ്ടായിരിക്കണമെന്നും, അധ്യാപികയുടെ പ്രയത്നത്തെ അഭിനന്ദിക്കുന്നുവെന്നും വീഡിയോ പങ്കുവച്ച ഡോ. ആര്‍ സ്റ്റാലിൻ ഐപിഎസ് അടക്കം നിരവധി പേര്‍ ഒരേ സ്വരത്തില്‍ പറയുന്നു. ഒരവബോധത്തിന് എന്ന നിലയില്‍ ധാരാളം പേര്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവയ്ക്കുകയും ചെയ്യുന്നു.

Back to top button
error: