IndiaNEWS

നായയെ കാണാനില്ലെന്ന പോസ്റ്റര്‍ നീക്കിയതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ കൈയേറ്റംചെയ്ത് യുവതി

ന്യൂഡല്‍ഹി: പോസ്റ്റര്‍ നീക്കം ചെയ്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ കൈയേറ്റം ചെയ്ത് യുവതി. നോയിഡ സെക്ടര്‍ 75-ലെ എയിംസ് ഗോള്‍ഫ് അവന്യൂ ഹൗസിങ് സൊസൈറ്റിയിലാണ് താമസക്കാരായ യുവാവും യുവതിയും തമ്മില്‍ തര്‍ക്കമുണ്ടായത്.

ഹൗസിങ് സൊസൈറ്റിയിലെ താമസക്കാരിയായ അര്‍ഷിയാണ് മറ്റൊരു താമസക്കാരനായ നവീനിനെ കൈയേറ്റംചെയ്തത്. അര്‍ഷിയുടെ വളര്‍ത്തുനായയെ ഏതാനുംദിവസങ്ങളായി കാണാനില്ലായിരുന്നു. തുടര്‍ന്ന് ഇവര്‍, നായയെ കാണാനില്ലെന്ന പോസ്റ്ററുകള്‍ ഹൗസിങ് സൊസൈറ്റിയിലെ പലഭാഗത്തും പതിച്ചു. കഴിഞ്ഞദിവസം നവീന്‍ ഈ പോസ്റ്ററുകളെല്ലാം നീക്കംചെയ്തു. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പെയിന്റിങ് ജോലികള്‍ നടക്കുന്നതിനാലാണ് പോസ്റ്ററുകള്‍ നീക്കംചെയ്തത്. ഇക്കാര്യമറിഞ്ഞതോടെയാണ് യുവതി നവീനുമായി തര്‍ക്കമുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

Signature-ad

”സുപ്രീംകോടതിയെക്കാള്‍ വലുതാണോ അപ്പാര്‍ട്ട്മെന്റ് ഓണേഴ്സ് അസോസിയേഷന്‍”, എന്ന് ചോദിച്ചായിരുന്നു യുവതിയുടെ അതിക്രമം. യുവാവിന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് വാക്കേറ്റത്തിലേര്‍പ്പെട്ട യുവതി, പിന്നീട് മുടിയില്‍ പിടിച്ചുവലിക്കുകയും തള്ളിമാറ്റുകയും മുഖത്തടിക്കുകയും ചെയ്തെന്നാണ് ആരോപണം. സംഭവത്തിന്റെ ചില ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതിനിടെ, സംഭവത്തില്‍ യുവതിക്കെതിരേ നവീന്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പരാതിക്കാരന്റെ മൊഴിയുടെയും വീഡിയോയുടെയും അടിസ്ഥാനത്തില്‍ യുവതിക്കെതിരേ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.

Back to top button
error: