റാന്നി:ബസ്‌സ്റ്റാൻഡ് കണ്ടാൽ ആരും കയറാൻ മടിക്കും. നിറയെ കുഴികളാണ്. ഒപ്പം പൊടിശല്യവും. മഴ പെയ്താൽ ചെളിക്കുളമായി മാറും. ജീവനക്കാർക്ക് വിശ്രമിക്കാനോ യൂണിഫോം മാറാനുള്ള സൗകര്യങ്ങൾപോലും ഇവിടെ ഇല്ല. ഇതൊക്കെയാണെങ്കിലും നേട്ടത്തിന്റെ നെറുകയിൽ എത്തിയിരിക്കുകയാണ് റാന്നി കെഎസ്ആർടിസി.
പരിമിതികൾക്കിടയിലും അംഗീകാരം നേടിയതിന്റെ സന്തോഷത്തിലാണ് കെ.എസ്.ആർ.ടി.സി.റാന്നി ഓപ്പറേറ്റിങ് സെന്ററിലെ ജീവനക്കാർ. സെപ്റ്റംബർ 12-ന് കോർപ്പറേഷൻ നിശ്ചയിച്ച വരുമാനം നേടിയതിനാണ് സെന്ററിന് കോർപ്പറേഷന്റെ പ്രശംസാ പത്രവും 25,000 രൂപയും അംഗീകാരമായി ലഭിച്ചത്.
ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും കുറവടക്കം സെന്റർ നേരിടുന്ന പ്രശ്നങ്ങളെ അതിജീവിച്ചാണ് നിശ്ചയിച്ചലക്ഷ്യത്തിലും അധികം വരുമാനം നേടിയത്. ജീവനക്കാരുടെ കുറവടക്കം ഉണ്ടായിരുന്നിട്ടും നിശ്ചയിച്ചുനൽകിയ വരുമാനത്തിലും അധികം(110 ശതമാനം) നേടാൻ സാധിച്ചു.
സംസ്ഥാനത്തെ 99 യൂണിറ്റുകളിൽ 34 എണ്ണത്തിന് മാത്രമാണ് ടാർജറ്റ് വരുമാനം നേടാനായത്. 2.16 ലക്ഷമായിരുന്നു റാന്നി സെന്ററിന്റെ ടാർജറ്റ്. 2,37,671 രൂപയായിരുന്നു അന്നത്തെ വരുമാനം. ദക്ഷിണ മേഖലയിൽ നാലാമതെത്തുകയും ചെയ്തു. 30 കണ്ടക്ടർമാരും ഡ്രൈവർമാരും വീതം വേണ്ട സെന്ററിൽ 23 പേർ മാത്രമാണുള്ളത്.