KeralaNEWS

‘ഞാന്‍ ജീവിച്ചിരിപ്പുണ്ട്, സുധാകരന് ആള് മാറി’ : പിസി ജോർജ്ജ്

കോട്ടയം:വിഖ്യത ചലച്ചിത്രകാരന്‍ കെ ജി ജോര്‍ജിന്റെ വിയോഗത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് ‘ആളുമാറി’ പ്രതികരിച്ച കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

‘ ജോർജ്ജ് നല്ലൊരു പൊതുപ്രവര്‍ത്തകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു.അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖമുണ്ടെന്നാണ്’ സുധാകരന്‍ പ്രതികരിച്ചത്.. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ പി സി ജോർജ്ജിനെക്കുറിച്ചാണ് സുധാകരന്‍ പറയുന്നതെന്നായിരുന്നു പലരുടെയും അഭിപ്രായം. ഇപ്പോഴിതാ, സംഭവത്തില്‍ പ്രതികരിച്ച്‌ പിസി ജോർജ്ജ് തന്നെ രംഗത്തെത്തി. താന്‍ ജീവിച്ചിരിപ്പുണ്ടെന്നും സുധാകരന് ആള് മാറിയെന്നും  പിസി ജോർജ്ജ് പറഞ്ഞു.

Signature-ad

അതേസമയം സുധാകരന്റെ വീഡിയോ വൈറലായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഒരു ജോര്‍ജ്ജ് ഇന്നലെ മരണപ്പെട്ടിരുന്നുവെന്നും കെ സുധാകരനുമായി അടുത്ത ആത്മബന്ധമുണ്ടായിരുന്ന ആ ജോർജ്ജിന്റെ മരണത്തെ പറ്റിയാണ് മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുന്നത് എന്ന് കരുതിയാണ് സുധാകരന്‍ അങ്ങനെ പ്രതികരിച്ചതെന്നുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിശദീകരണം.

എന്നാല്‍, പിന്നീട് തനിക്ക് അബദ്ധം പിണഞ്ഞെന്ന് മനസ്സിലായതോടെ, കെ.ജി. ജോർജ്ജിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സുധാകരന്റെ പേരില്‍ വാര്‍ത്താക്കുറിപ്പ് എത്തി. മലയാള സിനിമാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ സംവിധായകനായിരുന്നു കെ.ജി. ജോർജ്ജ് എന്ന് പത്രക്കുറിപ്പില്‍ പറയുന്നു. പ്രമേയങ്ങളുടെ വൈവിധ്യം കൊണ്ട് അദ്ദേഹം മലയാളികളെ അമ്ബരപ്പിച്ചു. വാണിജ്യ സാധ്യതകള്‍ക്കൊപ്പം കലാമൂല്യമുള്ള ഒരു പിടി മികച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചുകൊണ്ട് മലയാള സിനിമയുടെ പൂമുഖത്ത് സ്വന്തം ഇരിപ്പിടം ഉറപ്പിച്ച അതുല്യനായ കലാകാരനാണ് കെ. ജി. ജോർജ്ജ്. ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ചു കൊണ്ട് ചിരപരിചിതമായ വഴികളില്‍ നിന്ന് അദ്ദേഹത്തിന്റെ സിനിമകള്‍ വേറിട്ടു നിന്നു.കെ.ജി. ജോർജ്ജിന്റെ വിയോഗം മലയാള സിനിമ മേഖലയ്ക്ക് കനത്ത നഷ്ടമാണെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നെന്നും സുധാകരൻ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെല്ലാം പങ്കെടുത്ത വാര്‍ത്താസമ്മേളനത്തില്‍ ആദ്യം സംസാരിക്കാനായി ഇരുവരും വാശിപിടിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനൊന്നും പിന്നീട് വി ഡി സതീശൻ ഉത്തരം പറഞ്ഞില്ല.എല്ലാം പ്രസിഡന്റ് പറയും എന്നായിരുന്നു മറുപടി. വാര്‍ത്താസമ്മേളനത്തില്‍ സുധാകരന് മൈക്ക് വിട്ടുകൊടുക്കേണ്ടിവന്ന ഈര്‍ഷ്യയിലായിരുന്നു വിഡി സതീശന്‍.

ചോദ്യങ്ങള്‍ക്കെല്ലാം സുധാകരനാണ് ഉത്തരംപറഞ്ഞുകൊണ്ടിരുന്നത്. അതിനിടെ മാധ്യമപ്രവര്‍ത്തകരിലൊരാള്‍ ഇംഗ്ലീഷില്‍ ഒരു ചോദ്യമുന്നയിച്ചു. ഇതോടെ വെട്ടിലായ സുധാകരന്‍ സഹായത്തിനായി സതീശനെ നോക്കി.എന്നാല്‍, സുധാകരന്‍ തന്നെ മറുപടിപറയുമെന്ന് സതീശന്‍ ആംഗ്യകാട്ടി.സുധാകരന്‍ സഹായത്തിനായി ദയനീയമായി നോക്കിയെങ്കിലും സതീശന്‍ അയഞ്ഞില്ല.അതിന് പിന്നാലെയായിരുന്നു ഇപ്പോഴത്തെ അബദ്ധം.

Back to top button
error: