KeralaNEWS

വരുമാനത്തിൽ 145 ശതമാനം വർധനയുമായി കൊച്ചി മെട്രോ;പ്രവർത്തനലാഭം 5.35 കോടി

കേരളത്തിന്റെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി മെട്രോ ചരിത്രത്തിലാദ്യമായി പ്രവർത്തനലാഭം കൈവരിച്ചു. 2022-23 വർഷത്തിൽ 5.35 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് കൊച്ചി മെട്രോ നേടിയിരിക്കുന്നത്.
 കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 145% വർധനവ് നേടിക്കൊണ്ടാണ് കൊച്ചി മെട്രോ ഈ നേട്ടം കൈവരിച്ചത്. പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയ  കാലത്തിനുള്ളിൽ ലാഭം നേടാൻ സാധിച്ചുവെന്നത് അഭിമാനാർഹമായ നേട്ടമാണ്.
വിദ്യാർത്ഥികൾക്കും സ്ഥിരം യാത്രികർക്കുമായുള്ള വിവിധ സ്കീമുകൾ ഏർപ്പെടുത്തിയും സെൽഫ് ടിക്കറ്റിംഗ് മെഷീനുകൾ സ്ഥാപിച്ചും യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പാക്കിയും കൂടുതൽ യാത്രക്കാരെ എത്തിക്കാൻ മെട്രോയ്ക്ക് സാധിച്ചിട്ടുണ്ട്.
ഡിസംബർ-ജനുവരി മാസത്തിൽ തൃപ്പൂണിത്തുറ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുകയും കൊച്ചി മെട്രോ രണ്ടാം ഘട്ടം കൂടി പ്രാവർത്തികമാകുകയും ചെയ്യുമ്പോൾ വരുമാനത്തിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് രാജ്യത്തെ തന്നെ ഏറ്റവും മികച്ച മെട്രോ സംവിധാനമാക്കി കൊച്ചി മെട്രോയെ മാറ്റാൻ സഹായിക്കും.
 1957 കോടി രൂപയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായുള്ള പുതുക്കിയ ഭരണാനുമതി സർക്കാർ ലഭ്യമാക്കിയതോടെ കാക്കനാട് ഭാഗത്തേക്കുള്ള മെട്രോയുടെ നിർമ്മാണപ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

ഐഎസ്‌എല്‍ മത്സരത്തിന്റെ ഉദ്ഘാടനം നടന്ന ഇന്നലെ മാത്രം കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് 1,17,565  പേരാണ്.രാത്രി പത്ത് വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്.ഐഎസ്എൽ മത്സരങ്ങൾ നടക്കുന്നതിനാൽ രാത്രി 11:30 വരെയാണ് ഇപ്പോൾ കൊച്ചി മെട്രോ സർവീസ് നടത്തുന്നത്.

ഐഎസ്‌എല്‍ മത്സരം കണക്കിലെടുത്ത് 30 അധിക സര്‍വീസുകളാണ് ഇന്നലെ കൊച്ചി മെട്രോ ഒരുക്കിയത്.മെട്രോ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രതേകം സംവിധാനങ്ങളും ഒരുക്കിയിരുന്നു.കൊച്ചി മെട്രോയുടെ പേ ആന്‍ഡ് പാര്‍ക്ക് സൗകര്യവും മികച്ച രീതിയില്‍ ഉപയോഗിക്കപ്പെട്ടു. രാത്രി പത്ത് മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവും ഉണ്ടായിരുന്നു

Back to top button
error: