ഏഷ്യാകപ്പ്, ലോകകപ്പ്, ഏഷ്യൻ ഗെയിംസ് എന്നിങ്ങനെ മൂന്ന് വലിയ ടൂര്‍ണമെന്റുകളാണ് ഇന്ത്യ ഈ രണ്ടു മാസങ്ങളില്‍ കളിച്ചിട്ടുള്ളത്. ഇതില്‍ ഒരു ടീമില്‍ പോലും സഞ്ജുവിനെ ഉള്‍പ്പെടുത്താതിരുന്നത് നിരാശാജനകമാണ് എന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം.
ലോകകപ്പില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കാനായിരുന്നു തീരുമാനമെങ്കില്‍ ഏഷ്യൻ ഗെയിംസില്‍ സഞ്ജുവിനെ ക്യാപ്റ്റനാക്കേണ്ടിയിരുന്നു എന്നും ആകാശ് ചോപ്ര പറയുന്നു. “ഏഷ്യൻ ഗെയിംസിനുള്ള ടീമില്‍ പോലും സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് വളരെ നിരാശ ഉണ്ടാകുന്ന കാര്യമാണ്. മാത്രമല്ല ഇത് വലിയ ആശങ്കയും സൃഷ്ടിക്കുന്നു. ഏഷ്യാകപ്പില്‍ ഇന്ത്യ സഞ്ജുവിനെ ബാക്കപ്പ് കളിക്കാരനായിയാണ് നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ ഓസ്ട്രേലിയക്കെതിരായ പരമ്ബരയില്‍ നിന്നും അവനെ ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്.”- ചോപ്ര പറയുന്നു.
“ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിലെങ്കിലും സഞ്ജു സാംസനെ ഇന്ത്യ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. ലോകകപ്പിനുള്ള ടീമില്‍ ഇടം നേടാൻ സഞ്ജുവിന് സാധിച്ചില്ല. എന്നാല്‍ ഏഷ്യൻ ഗെയിംസില്‍ പോലും കളിക്കാൻ സഞ്ജു അര്‍ഹനല്ല എന്നു പറയുന്നത് അനീതി തന്നെയാണ്. ലോകകപ്പ് ടീമില്‍ ചെറിയ ഒരു അകലത്തിലാണ് സഞ്ജുവിന് അവസരം നഷ്ടമായത്. അതിനാല്‍ തന്നെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമില്‍ സഞ്ജു അനിവാര്യമായിരുന്നു. ഒരുപക്ഷേ ആ ടീമില്‍ ഇന്ത്യയുടെ ക്യാപ്റ്റനായി കളിക്കേണ്ടതും സഞ്ജു തന്നെയായിരുന്നു.”- ചോപ്ര കൂട്ടിച്ചേര്‍ത്തു.
2023 ഏകദിന ലോകകപ്പിനുള്ള സ്ക്വാഡില്‍ നിന്ന് സഞ്ജു സാംസനെ ഇന്ത്യ നേരത്തെ ഒഴിവാക്കിയിരുന്നു. അതിനുശേഷം ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്ബരക്കുള്ള സ്ക്വാഡില്‍ നിന്നും ഇപ്പോള്‍ സഞ്ജുവിനെ ഒഴിവാക്കിയിരിക്കുകയാണ്.ഇതിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ പൊട്ടിപ്പുറപ്പെടുകയുണ്ടായി. ഇന്ത്യൻ താരങ്ങളായ ഇര്‍ഫാൻ പത്താൻ അടക്കമുള്ളവര്‍ സഞ്ജുവിന് പിന്തുണ നല്‍കി രംഗത്തെത്തുകയും ചെയ്തു. കഴിഞ്ഞ സമയങ്ങളില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ പുറത്തെടുത്ത സഞ്ജുവിനെ ഇന്ത്യ ഇങ്ങനെ അവഗണിക്കുന്നതിനെയാണ് ഈ താരങ്ങളൊക്കെയും ചോദ്യം ചെയ്യുന്നത്.