പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടുമേന്തി ശരണം വിളിച്ച്, ലൗകികതയുടെ പടവുകളായ പൊന്നുപതിനെട്ടാംപടി കയറി സാക്ഷാൽ ശബരീശന്റെ സന്നിധിയിലെത്തിയ അദ്ദേഹത്തെ വരവേറ്റത് ‘തത്വമസി’ എന്ന മഹാവാക്യമാണ് – ‘ഈശ്വരൻ നീയാണ്’ എന്ന ഓർമപ്പെടുത്തൽ !
അഹങ്കാരവും അറിവില്ലായ്മയുമെല്ലാം ഇല്ലാതായി ഈശ്വരനും ഭക്തനും ഒന്നാകുന്ന സമത്വത്തിന്റെ പരമപദമാണ് അയ്യപ്പസന്നിധാനം.അവിടെ ഭക്തനും അയ്യപ്പൻ, ഈശ്വരനും അയ്യപ്പൻ! ഇവിടെ മതങ്ങൾക്ക് എന്ത് പ്രസക്തി.
സന്നിധാനത്ത് എത്തിയ ഫാ. മനോജ് എല്ലാ മതങ്ങളും ഒന്നാണ് എന്ന സന്ദേശമാണ് നല്കിയത്. ഒരു ക്രിസ്ത്യൻ പുരോഹിതൻ 18 പടി ചവിട്ടി അയ്യപ്പ ദര്‍ശനം നടത്തുന്നത് ഇതാദ്യമാണ്.ഇന്നലെ രാവിലെയായിരുന്നു അദ്ദേഹം ശബരിമലയിലെത്തിയത്.കെട്ടുകെട്ടി ആചാരങ്ങളെല്ലാം പാലിച്ചായിരുന്നു വൈദികന്റെ മലകയറ്റം.
തിരുമല മഹാദേവ ക്ഷേത്രത്തിലായിരുന്നു കെട്ടുനിറയ്ക്കല്‍.ഹിന്ദു മതത്തേയും ആചാരങ്ങളേയും അടുത്തറിഞ്ഞ് പഠിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം, ബാലരാമപുരം ഉച്ചക്കട പയറ്റുവിള സ്വദേശിയാണ് ഫാ. മനോജ് (50). ആംഗ്ലിക്കൻ സഭയിലെ വൈദികൻ കൂടിയാണ് ഇദ്ദേഹം.
സന്നിധാനത്തെത്തിയ അദ്ദേഹത്തെ ക്ഷേത്ര ഭാരവാഹികളും മേൽശാന്തിയും ചേര്‍ന്ന് സ്വീകരിച്ചു.