മലപ്പുറം: ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്തു തട്ടിയെന്നാരോപിച്ച് അതിഥിത്തൊഴിലാളി ക്രൂരമായി മര്‍ദിച്ച ആറാംക്ലാസുകാരന്‍ ഗുരുതരാവസ്ഥയില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. പള്ളിക്കല്‍ അമ്പലവളപ്പില്‍ മറ്റത്തില്‍ സുനില്‍കുമാറിന്റെയും വസന്തയുടെയും മകന്‍ എം.എസ്. അശ്വിനാണ് കഴുത്തിന് മാരക പരിക്കേറ്റത്. കോഴിപ്പുറം എ.എം.യു.പി. സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.
അതിഥിത്തൊഴിലാളിയായ യുവാവ് കഴുത്തുഞെരിച്ച് ഭിത്തിക്ക് ചേര്‍ത്തുവെച്ച് ഇടിക്കുകയും ടയര്‍ ഉരുട്ടിക്കളിക്കാന്‍ അശ്വിന്‍ ഉപയോഗിച്ച വണ്ണമുള്ള വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്തതായി മാതാപിതാക്കള്‍ പറഞ്ഞു. കഴുത്ത് അനങ്ങാതിരിക്കാന്‍ കോളര്‍ ഘടിപ്പിച്ച് ഭാരം ഇട്ടാണ് കുട്ടിയെ ആശുപത്രിയില്‍ കിടത്തിയിരിക്കുന്നത്. യു.പി. സ്വദേശിയായ സല്‍മാന്‍ ആണ് കുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം.
സെപ്റ്റംബര്‍ ഒന്നിന് രാത്രിയായിരുന്നു സംഭവം. എന്നാല്‍, മാതാപിതാക്കള്‍ക്ക് ഗൗരവം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അന്ന് ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ വിദഗ്ധചികിത്സ വേണമെന്ന് ഡോക്ടര്‍ അഭിപ്രായപ്പെട്ടെങ്കിലും കേസ് ഒതുക്കിത്തീര്‍ക്കാമെന്നു പറഞ്ഞ് യുവാവിന്റെ ആള്‍ക്കാര്‍ ഇടപെട്ട് വീട്ടിലേക്കു തിരിച്ചയച്ചു. തുടര്‍ന്ന് ഒരുദിവസം സ്‌കൂളില്‍ പോയ അശ്വിന്‍ വേദന കൂടി തിരിച്ചുവന്നു. അന്നുമുതല്‍ വീട്ടില്‍ കിടക്കുകയായിരുന്നു.
പണമില്ലാത്തതിനാല്‍ മറ്റെവിടെയും കാണിക്കാന്‍ കഴിഞ്ഞില്ല. വേദന കലശലായതിനാല്‍ ചൊവ്വാഴ്ച ബസിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്നത്. ഇവിടത്തെ ഡോക്ടര്‍മാര്‍ അറിയിച്ചതനുസരിച്ച് തേഞ്ഞിപ്പലം പോലീസ് ബുധനാഴ്ച രാവിലെയെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വകുപ്പ് തീരുമാനിക്കാത്തതിനാല്‍ കേസ് രജിസ്റ്റര്‍ചെയ്തിട്ടില്ലെന്നാണ് വൈകീട്ട് ഏഴിന് പോലീസ് അറിയിച്ചത്.
അമ്പലവളപ്പില്‍ ചെരിപ്പുകമ്പനിയില്‍ ജോലിചെയ്യുകയാണ് യുവാവ്. ചെരിപ്പുകമ്പനി പ്രവര്‍ത്തിക്കുന്നതും അന്‍പതോളം അതിഥിത്തൊഴിലാളികള്‍ താമസിക്കുന്നതും നാലുനില ക്വാര്‍ട്ടേഴ്സിലാണ്. മൂന്നാംനിലയിലെ ക്വാര്‍ട്ടേഴ്സിലാണ് സുനില്‍കുമാറും കുടുംബവും താമസിക്കുന്നത്. ഇതിന്റെ ഒരുഭാഗത്ത് ഒഴിഞ്ഞ സ്ഥലമുണ്ട്. അവിടെയാണ് രാത്രി ഏഴരയോടെ അശ്വിന്‍ ടയര്‍ ഉരുട്ടിക്കളിച്ചത്. അവിടെയിരുന്ന് വര്‍ത്തമാനം പറയുകയായിരുന്നു യുവാവും കൂട്ടുകാരും.
മര്‍ദനമേറ്റു നിലവിളിച്ച് കുട്ടി വരുന്നതുകണ്ട് വസന്തയുടെ അമ്മ കുഴഞ്ഞുവീണു. പലവിധ രോഗങ്ങളുള്ള സുനില്‍കുമാറിനെ ദിവസേന കുത്തിവെപ്പെടുക്കാന്‍ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതും അശ്വിന് വേണ്ടത്ര ശ്രദ്ധ കിട്ടാതിരിക്കാന്‍ കാരണമായി. സ്വന്തം വീടും സ്ഥലവുമില്ലാത്ത കുടുംബം പലപ്പോഴും വാടക കൊടുക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. കേസുമായി പോയാല്‍ ക്വാര്‍ട്ടേഴ്സ് ഒഴിയേണ്ടിവരുമെന്നും ഭയന്നു.