NEWSSocial Media

”അച്ഛന്‍ ആത്മഹത്യ ചെയ്യുമ്പോള്‍ എനിക്ക് ഏഴ് വയസ്”… മകളുടെ മരണ വാര്‍ത്തയ്ക്കിടെ വൈറലായി വിജയ് ആന്റണിയുടെ വാക്കുകള്‍

ടന്‍ വിജയ് ആന്റണിയുടെ മകള്‍ മീരയുടെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തിന് ഒന്നടങ്കം നൊമ്പരമാവുകയാണ്. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മീരയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത് ആത്മഹത്യയേക്കുറിച്ചുള്ള വാക്കുകളാണ്. വിജയ് ആന്റണിക്ക് ഏഴ് വയസുള്ളപ്പോഴാണ് അച്ഛന്‍ ആത്മഹത്യ ചെയ്യുന്നത്. ജീവിതത്തില്‍ എത്ര കഷ്ടപ്പാടുവന്നാലും ആത്മഹത്യ ചെയ്യരുത് എന്നാണ് താരം പറയുന്നത്.

”ജീവിതത്തില്‍ നിങ്ങള്‍ക്ക് എത്ര വേദന വന്നാലും കഷ്ടപ്പാട് വന്നാലും ആത്മഹത്യ ചെയ്യരുത്. കുഞ്ഞുങ്ങളുടെ കാര്യം ഓര്‍ക്കുമ്പോള്‍ കഷ്ടം തോന്നും. എന്റെ അച്ഛന്‍ ആത്മഹത്യ ചെയ്തതാണ്. എനിക്ക് ഏഴു വയസ്സും എന്റെ സഹോദരിക്ക് അഞ്ചു വയസ്സും ഉള്ളപ്പോള്‍. അതിനുശേഷം എന്റെ അമ്മ ജീവിതത്തില്‍ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്നും ആ വേദന എന്തെന്നും നേരിട്ട് അറിയാം.”- വിജയ് ആന്റണി പറഞ്ഞു.

Signature-ad

അച്ഛന്റെ ആത്മഹത്യയെ തുടര്‍ന്ന് ജീവിതത്തിലുണ്ടായ കഷ്ടപ്പാടുകള്‍ അറിയാവുന്നതിനാല്‍ പല വേദികളിലും അദ്ദേഹം തുറന്നു സംസാരിക്കാറുണ്ട്. അടുത്തിടെ നല്‍കിയ അഭിമുഖത്തിലും താരം വര്‍ധിച്ചു വരുന്ന ആത്മഹത്യയെക്കുറിച്ചും അതിന്റെ കാരണങ്ങളേക്കുറിച്ചും വ്യക്തമാക്കിയിരുന്നു.

”പൈസയുടെ ബുദ്ധിമുട്ടു കൊണ്ടാണ് കൂടുതല്‍ ആളുകള്‍ക്കും ഇങ്ങനെയൊരു ചിന്ത വരുന്നത്. ജീവിതത്തില്‍ ഏറ്റവുമധികം വിശ്വാസം വച്ചിരുന്ന ഒരാള്‍ ചതിച്ചാല്‍ ചിലര്‍ക്ക് ജീവിതം അവസാനിപ്പിക്കാന്‍ തോന്നാം. കുട്ടികളുടെ കാര്യത്തില്‍ പഠനം മൂലമുണ്ടാകുന്ന അധിക സമ്മര്‍ദമാണ് കാരണം. കുട്ടികള്‍ സ്‌കൂളില്‍നിന്നു വന്നു കഴിഞ്ഞാല്‍ ഉടനെ ട്യൂഷന് പറഞ്ഞ് അയയ്ക്കുകയാണ്. അവര്‍ക്കു ചിന്തിക്കാന്‍ പോലും സമയം കൊടുക്കുന്നില്ല. കുറച്ചുനേരം അവരെ ചിന്തിക്കാന്‍ വിടണം” -താരം പറഞ്ഞു.

മാനസിക സമ്മര്‍ദം മൂലമാണ് മീര ആത്മഹത്യ ചെയ്‌തെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്നതായും പറയുന്നു. സഹപ്രവര്‍ത്തകരടക്കം നിരവധിപ്പേരാണ് വിജയ് ആന്റണിക്കും കുടുംബത്തിനും ആശ്വാസവാക്കുകളുമായി എത്തുന്നത്. വിജയ് ആന്റണിയുടേയും ഫാത്തിമയുടേയും മൂത്ത മകളാണ് മീര. ലാര എന്ന മകള്‍ കൂടിയുണ്ട്.

 

 

 

Back to top button
error: