KeralaNEWS

തര്‍ക്കം അങ്ങാടിപ്പാട്ടായി; വിശദീകരിച്ച് കുഴഞ്ഞ് സതീശന്‍

തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോയില്‍ വിശദീകരണവുമായി വി.ഡി. സതീശന്‍. വിജയത്തിന്റെ ഫുള്‍ ക്രെഡിറ്റ് തനിക്ക് നല്‍കുമെന്ന് കെ. സുധാകരന്‍ പറഞ്ഞതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

താനും കെ.പി.സി.സി അധ്യക്ഷനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ അത് ഡി.സി.സി ഓഫീസില്‍ വച്ചായിരുന്നു. വലിയ ഭൂരിപക്ഷത്തിന് വിജയിച്ചു എന്ന് അറിഞ്ഞപ്പോള്‍ വിജയത്തിന്റെ ഫുള്‍ ക്രെഡിറ്റ് പ്രതിപക്ഷ നേതാവിനാണെന്ന് താന്‍ പത്രസമ്മേളനത്തില്‍ പറയുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ താന്‍ അത് സമ്മതിച്ചില്ലെന്ന് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

Signature-ad

അത് വേണ്ടെന്ന് പറഞ്ഞിട്ടും സുധാകരന്‍ വാശിപിടിച്ചു. ഈ വിജയത്തിന്റെ ക്രെഡിറ്റ് ടീം യു.ഡു.എഫിനാണെന്ന് പറയാന്‍ താന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പറയാന്‍ വന്ന കെ. സുധാകരനെ സംസാരിക്കാതിരിക്കാനാണ് താന്‍ ശ്രമിച്ചത്. ഇത് തടയാന്‍ ശ്രമിച്ചതാണ് തങ്ങള്‍ക്കിടയിലെ വാക്കുതര്‍ക്കമായി തെറ്റിദ്ധരിച്ചതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മില്‍ മൈക്കിനുവേണ്ടി ഉണ്ടായ തര്‍ക്കത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആദ്യം സംസാരിച്ചു തുടങ്ങുന്നതിനായി വി.ഡി. സതീശനും കെ. സുധാകരനും തമ്മില്‍ തര്‍ക്കമുണ്ടായത്. മൈക്കിനു വേണ്ടി നേതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ വലിയ ട്രോളുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: