KeralaNEWS

കെ.എസ്.ആര്‍.ടി.സി മേധാവിയാകാൻ ആർക്കും താത്പര്യമില്ല; ബിജു പ്രഭാകര്‍ അവധിയിലേക്ക്

തിരുവനന്തപുരം:ഐഎ.എസ് ഉദ്യോഗസ്ഥര്‍ക്കാര്‍ക്കും കെ.എസ്.ആര്‍.ടി.സി മേധാവിയാകാൻ താത്പര്യമില്ലാത്തതിനെ തുടർന്ന് കെഎസ്ആർടിസി സി.എം.ഡി ബിജു പ്രഭാകര്‍ അവധിയിൽ പ്രവേശിച്ചു.

സി.എം.ഡി സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച്‌ നേരത്തെ ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിയെ സമീപിച്ചിരുന്നു.മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കാര്‍ക്കും കെ.എസ്.ആര്‍.ടി.സി മേധാവിയാകാൻ താത്പര്യമില്ലെന്നാണ് വിവരം.ഇതോടെ ഇന്നലെ മുതല്‍  ബിജു പ്രഭാകര്‍ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.ഒന്നര മാസത്തേക്കാണ് അവധി.

അതേസമയം എ.കെ.ശശീന്ദ്രനാണ് ഗതാഗത മന്ത്രിയെങ്കില്‍, കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്ത് തുടരാമെന്ന് ബിജു പ്രഭാകർ അറിയിച്ചതായാണ് വിവരം.

Signature-ad

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എ.കെ.ശശീന്ദ്രനായിരുന്നു ഗതാഗതവകുപ്പ് മന്ത്രി. പ്രൊഫ. സുശീല്‍ഖന്ന റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതുള്‍പ്പെടെയുള്ള പരിഷ്കരണ പരിപാടികള്‍ തുടങ്ങിവച്ചത് ശശീന്ദ്രനായിരുന്നു. തൊഴിലാളി സംഘടനകളുമായി സമരസപ്പെട്ട് പോകുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

നവംബറില്‍ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ ഗണേശ്‌കുമാറിന് വനം വകുപ്പ് നല്‍കി നിലവിലെ വനം മന്ത്രിയായ എ.കെ. ശശീന്ദ്രന് ഗതാഗതവകുപ്പ് നല്‍കുമെന്നാണ് സൂചന.ഗതാഗതം വേണ്ടെന്ന് നേരത്തെ തന്നെ ഗണേശ്‌കുമാര്‍ ഇടതു മുന്നണി നേതൃത്വത്തെ അറിയിച്ചിരുന്നു. ഗതാഗത വകുപ്പിനെതിരെ ഗണേശ് നേരത്തേ പരസ്യവിമര്‍ശനം നടത്തുകയും ചെയ്തിരുന്നു.

സിനിമ ഉള്‍പ്പെടുന്ന സാംസ്കാരിക വകുപ്പ് വേണമെന്നാണ് ഗണേശ്‌കുമാറിന്റെ ആഗ്രഹമെങ്കിലും അത് നല്‍കാനാവില്ലെന്ന് സിപിഐഎം നേതൃത്വം ഗണേശ് കുമാറിനെ അറിയിച്ചിട്ടുണ്ട്.

Back to top button
error: