കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് മത്സരത്തിൽ ബംഗളുരു നേടിയ ഫ്രീകിക്ക് ഗോളില്‍ പ്രതിഷേധിച്ചു ഗ്രൗണ്ട് വിട്ട ബ്ലാസ്‌റ്റേഴ്‌സിനു വന്‍ തുക പിഴയും പരിശീലകന്‍ ഇവാന്‍ വുക്കൊമാനോവിച്ചിനു വിലക്കും നേരിടേണ്ടി വന്നു.ബ്ലാസ്റ്റേഴ്സുമായി വിവാദ കളിക്കിറങ്ങിയ ബംഗളൂരു ഫൈനല്‍വരെ മുന്നേറുകയും ചെയ്തു.എടികെ മോഹൻബഗാനായിരുന്നൂ ജേതാക്കൾ.
പിഴയും വിലക്കും നേരിട്ട സീസണില്‍ അഞ്ചാമതായാണ് ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തത്.ആ ഓര്‍മകള്‍ മറന്നു പുതിയ തുടക്കമാണ് പത്താം സീസണില്‍ ക്ലബ് ലക്ഷ്യമിടുന്നത്.അതിനാൽതന്നെ കിരീടത്തിൽ കുറഞ്ഞതൊന്നും വുക്കൊമാനോവിച്ച് ആഗ്രഹിക്കുന്നുണ്ടാവില്ല.പക്ഷേ, എളുപ്പമല്ല.സീസണിലെ ആദ്യ ടൂർണമെന്റായ ഡ്യുറന്റ് കപ്പില്‍ ഗോകുലം കേരളയോട് വരെ തോറ്റു.സീസണ് മുൻപായുള്ള സൗഹൃദ മത്സരത്തിൽ യുഎഇയിലെ ലോക്കൽ ക്ലബ്ബിനോട് അരഡസൻ ഗോളുകൾക്കായിരുന്നു തോൽവി.
മൂന്നുതവണ റണ്ണറപ്പായതാണ് ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ ചരിത്രം.പക്ഷേ അന്നുണ്ടായിരുന്ന സഹല്‍ അബ്ദുല്‍ സമദ് ഉൾപ്പെടെ പലരും ഇക്കുറി ടീമിനൊപ്പമില്ല. മോഹൻബഗാൻ സൂപ്പര്‍ ജയന്റിനായാണ് സമദ് ബൂട്ട് കെട്ടുന്നത്.രണ്ട് വര്‍ഷമായി ടീമിലുള്ള ഉറുഗ്വേതാരം അഡ്രിയാൻ ലൂണയാണ് നിലവിൽ ആണിക്കല്ല്.കളിക്കുകയും കളിപ്പിക്കുകയും ചെയ്യുന്ന ലൂണ തന്നെയായിരിക്കും പ്രധാനതാരം.സമദിന്റെ അഭാവത്തിൽ മുന്നേറ്റ നിരയിലെ കുന്തമുനയാകേണ്ട ഗ്രീസുകാരൻ ദിമിത്രിയോസ് ഡയമന്റാകോസ് പരിക്കിന്റെ പിടിയിലുമാണ്.കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി 12 ഗോളുകളാണ് താരം നേടിയത്.
മധ്യനിരയില്‍ ജപ്പാൻതാരം ഡെയ്സുക്, മുന്നേറ്റത്തില്‍ ഘാനക്കാരൻ ക്വാമെ പെപ്ര, പ്രതിരോധത്തില്‍ മിലോസ് ഡ്രിൻകിച്ച്, മാര്‍കോ ലെസ്കോവിച്ച് എന്നിവരാണ് വിദേശതാരങ്ങള്‍.മുൻ മോഹൻ ബഗാൻ താരം പ്രീതത്തിന് പുറമെ ഡിഫൻസീവ് മിഡ്ഫീല്‍ഡറായ ജീക്സണ്‍ സിങ്, പുതിയ താരം പ്രബീര്‍ ദാസ്,മലയാളിയായ കെ പി രാഹുല്‍ എന്നിവരാണ് പ്രധാന ഇന്ത്യൻ താരങ്ങള്‍.സഹലിന് പകരം മധ്യനിരയില്‍ മലയാളി യുവതാരം വിബിൻ മോഹനനെയാകും വുകോമനോവിച്ച് പരിഗണിക്കുക. ഗ്രീസില്‍ പരിശീലനം കഴിഞ്ഞെത്തിയ ഈ ഇരുപതുകാരൻ നിലവില്‍ ഇന്ത്യൻ അണ്ടര്‍ 23 ടീമിനൊപ്പമാണ്.മൊത്തം ഒൻപത് മലയാളികളാണ് ടീമിലുള്ളത്.
ഐ ലീഗില്‍നിന്നു യോഗ്യത നേടിയെത്തിയ പഞ്ചാബ് എഫ്.സി. ഉള്‍പ്പെടെ 12 ടീമുകളാണ് ഇത്തവണ ഐ.എസ്.എല്ലില്‍ മത്സരിക്കുക.ആദ്യറൗണ്ടില്‍ കൊച്ചിയില്‍ ആറു മത്സരങ്ങളുണ്ടാകും.ഒക്‌ടോബര്‍ ഒന്നിനു ജംഷഡ്‌പൂറിനെയും 21 നു നോര്‍ത്ത്‌ഈസ്‌റ്റ് യൂണൈറ്റഡിനെയും 27 നു ഒഡീഷയേയും നവംബര്‍ 25 നു ഹൈദരാബാദിനേയും 29 നു ചെന്നെയിനേയും ഡിസംബര്‍ 24 നു മുംബൈ എഫ്.സിയേയുമാണു കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി. നേരിടുന്നത്.
ആരാധകരുടെ എണ്ണം കൊണ്ട് ലോകത്തിലെ ഒന്നാം നമ്പർ ക്ലബ്ബുകളെ വരെ വിറപ്പിച്ചവരാണ് ബ്ലാസ്റ്റേഴ്സിന്റെ ‘മഞ്ഞപ്പട’.ഇത്തവണയെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം എന്ന അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ബ്ലാസ്റ്റേഴ്സിന് ആകുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്.
ഐഎസ്എല്ലിൽ പങ്കെടുക്കുന്ന12 ടീമുകള്‍:
ബംഗളൂരു എഫ്സി, ചെന്നൈയിൻ എഫ്സി, ഈസ്റ്റ് ബംഗാള്‍, എഫ്സി ഗോവ, ഹൈദരാബാദ് എഫ്സി, ജംഷഡ്പുര്‍ എഫ്സി, കേരള ബ്ലാസ്റ്റേഴ്സ്, മോഹൻ ബഗാൻ സൂപ്പര്‍ ജയന്റ്, മുംബൈ സിറ്റി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡിഷ എഫ്സി, പഞ്ചാബ് എഫ്സി.