KeralaNEWS

നിയന്ത്രണം വിട്ട സ്വകാര്യ ബസ് മൂന്ന് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി എട്ടുപേര്‍ക്ക് പരിക്ക്

തൊടുപുഴ:നിയന്ത്രണം വിട്ട സ്വകാര്യ ബസ് മൂന്ന് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി എട്ടുപേര്‍ക്ക് പരിക്ക്.മൂലമറ്റം ഭാഗത്തുനിന്ന് വന്ന കോഹിനൂര്‍ ബസാണ് എതിരെ വന്ന സ്കൂട്ടറിലും ഓട്ടോയിലും ഇടിച്ച ശേഷം ചരക്കുലോറിയില്‍ ഇടിച്ച്‌ നിന്നത്.

 ഇടിയുടെ ആഘാതത്തില്‍  സ്കൂട്ടര്‍ ഓടിച്ചിരുന്ന മൂലമറ്റം സ്വദേശി അരീപ്ലാക്കല്‍ ഹരിദാസ്, ഭാര്യ ജയ എന്നിവര്‍ 15 അടി താഴ്ചയിലേക്ക് തെറിച്ചുവീണു. ഇരുവരുടെയും രണ്ട് കൈകൾക്കും ഒടിവ് സംഭവിച്ചിട്ടുണ്ട്.ഇവരെ ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ കോലഞ്ചേരി മെഡിക്കൻ കോളജിലേക്കും മാറ്റി.

ഓട്ടോയില്‍ ഉണ്ടായിരുന്ന അറക്കുളം കാവുംപടി പടിഞ്ഞാറെ കണ്ണേലി ശ്രീഹരിക്കും (11) പരിക്കേറ്റു. ഓട്ടോയില്‍തന്നെ ഉണ്ടായിരുന്ന രാസമിശ്രിതം കണ്ണിലേക്ക് തെറിച്ചാണ് പരിക്കേറ്റത്.പരിക്കേറ്റ കുട്ടിയെ അങ്കമാലിയിലെ കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ അഞ്ചുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍, ഇവരുടെ പരിക്ക് ഗുരുതരമല്ല.

Signature-ad

ശനിയാഴ്ച ഉച്ചക്ക് 12ന് തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയില്‍ ശങ്കരപ്പള്ളിയിലാണ് അപകടം സംഭവിച്ചത്. നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് 30 മിനിട്ടോളം ഗതാഗതം തടസ്സപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ തകരാര്‍ സംഭവിച്ച ബസ് ഏറെ പണിപ്പെട്ടാണ് റോഡില്‍നിന്ന് നീക്കിയത്. അപകടത്തില്‍പെട്ട ലോറിയും സ്കൂട്ടറും ക്രെയിൻ ഉപയോഗിച്ച്‌ വലിച്ചുമാറ്റി. നാല് വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു.

Back to top button
error: