NEWSSports

ഏഷ്യാകപ്പ്: നാളെ ഇന്ത്യ – ശ്രീലങ്ക ഫൈനൽ

കൊളംബോ: ഏഷ്യ കപ്പ് കിരീടപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയും ടൂര്‍ണമെന്റിലെ കരുത്തരായ ഇന്ത്യയും ഏറ്റുമുട്ടും. സെപ്തംബര്‍ 17-ാം തീയതി ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ വച്ചാണ് ഫൈനല്‍.

അതേസമയം ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ അവസാന പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ആറ് റൺസ് തോൽവി. 266 റൺസ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ  ഒരു പന്ത് ശേഷിക്കെ 259 റൺസിന് പുറത്താകുകയായിരുന്നു.

അവസാന ഓവറിൽ ഒരു വിക്കറ്റ് ശേഷിക്കെ ആറ് പന്തിൽ 12 റൺസായിരുന്നു ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ, ആദ്യ മൂന്ന് പന്തിലും മുഹമ്മദ് ഷമിക്ക് റൺസെടുക്കാനായില്ല. നാലാം പന്ത് ഫോറടിച്ച് ഷമി പ്രതീക്ഷ നൽകിയെങ്കിലും അഞ്ചാം പന്തിൽ രണ്ട് റൺസ് ഓടിയെടുക്കാനുള്ള ശ്രമത്തിനിടെ റണ്ണൗട്ടാവുകയായിരുന്നു.

നേരിട്ട രണ്ടാം പന്തിൽ തന്നെ റൺസൊന്നു​മെടുക്കാതെ ക്യാപ്റ്റൻ രോഹിത് ശർമയും ഒമ്പത് പന്തിൽ അഞ്ച് റൺസുമായി അരങ്ങേറ്റക്കാരൻ തിലക് വർമയും മടങ്ങിയതോടെ തന്നെ ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പരന്നിരുന്നു. ഗില്ലിനൊപ്പം കെ.എൽ രാഹുൽ പിടിച്ചുനിൽക്കാൻ ശ്രമി​ച്ചത് പ്രതീക്ഷ നൽകി. എന്നാൽ, 39 പന്ത് നേരിട്ട രാഹുൽ 19 റൺസുമായി മടങ്ങി. തുടർന്നെത്തിയ ഇഷാൻ കിഷനും അധികം ആയുസ്സുണ്ടായില്ല. അഞ്ചു റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. 26 റൺസെടുത്ത സൂര്യകുമാർ യാദവിനെ ഷാകിബ് അൽ ഹസനും ഏഴ് റൺസെടുത്ത രവീന്ദ്ര ജദേജയെ മുസ്തഫിസുർ റഹ്മാനും ബൗൾഡാക്കിയതോടെ ഇന്ത്യ ബാക്ക്ഫൂട്ടിലായി.
തകർച്ചയ്ക്കിടയിലും തകർപ്പൻ സെഞ്ച്വറിയുമായി ഒരറ്റത്ത് പിടിച്ചുനിന്ന ശുഭ്മൻ ഗില്ലിന്റെ പോരാട്ടമാണ് ഇന്ത്യയെ വിജയത്തിനടുത്തെത്തിച്ചത്. 133 പന്ത് നേരിട്ട് അഞ്ച് സിക്സും എട്ട് ഫോറും സഹിതം 121 റൺസ് നേടിയ താരത്തെ മെഹദി ഹസന്റെ പന്തിൽ തൗഹീദ് ഹൃദോയ് പിടികൂടുകയായിരുന്നു. ഇന്ത്യക്കായി അവസാനഘട്ടത്തിൽ അക്സർ പട്ടേലും പൊരുതിനോക്കിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. 34 പന്തിൽ 42 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.
നേരത്തെ 85 പന്തിൽ 80 റൺസടിച്ച ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാകിബ് അൽ ഹസന്റെയും 81 പന്തിൽ 54 റൺസ് നേടിയ തൗഹിദ് ഹസന്റെയും അർധസെഞ്ച്വറികളും നസൂം അഹ്മദിന്റെ പ്രകടനവുമാണ് (45 പന്തിൽ 44) ബംഗ്ലാദേശിനെ എട്ടിന് 265 റൺസ് എന്ന നിലയിൽ എത്തിച്ചത്. അവസാന ഓവറുകളിൽ മെഹ്ദി ഹസനും (23 പന്തിൽ പുറത്താവാതെ 29), തൻസീം ഹസൻ ശാകിബും (എട്ട് പന്തിൽ പുറത്താവാതെ 14) നടത്തിയ വെടിക്കെട്ടും നിർണായകമായി.
മറുവശത്ത് പാക്കിസ്ഥാനെ ആവേശപ്പോരില്‍ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ശ്രീലങ്ക ഫൈനലിനെത്തുന്നത്. അഞ്ച് കളികളില്‍ നിന്ന് 253 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ശ്രീലങ്കയുടെ ബാറ്റിങ് കരുത്ത്. ബോളിങ്ങില്‍ 11 വിക്കറ്റെടുത്ത യുവതാരം മതീഷ പതിരാനയാണ് ഇതുവരെ തിളങ്ങിയിട്ടുള്ളത്.

Back to top button
error: