KeralaNEWS

ഗണേഷ്‌കുമാറിനെ മാറ്റിനിര്‍ത്തേണ്ട സാഹചര്യം നിലവിലില്ല; മന്ത്രിസഭാ പു:നസംഘടനയില്‍ നിലപാട് വ്യക്തമാക്കി ഇ.പി.

കണ്ണൂര്‍: മന്ത്രിസഭാ പുനസംഘടന ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കണ്‍വീനര്‍ ഇപിജയരാജന്‍ വ്യക്തമാക്കി. രണ്ടരവര്‍ഷം പൂര്‍ത്തിയാക്കാന്‍ ഇനിയും സമയമുണ്ട്. നേരത്തെയുള്ള ധാരണ അനുസരിച്ചു മുന്നോട്ട് പോകും. പുനസഘടനയുണ്ടായാല്‍ ഗണേഷ് കുമാറിനെ മാറ്റിനിര്‍ത്തേണ്ട സാഹചര്യം നിലവിലില്ല. ഇടതു മുന്നണി യോഗം ഈ മാസം 20നു ചേരും. ലോകസഭ തെരഞ്ഞെടുപ്പും കേന്ദ്രസര്‍ക്കാരിനെതിരെയായ പ്രതിഷേധവും ചര്‍ച്ച ചെയ്യുമെന്നും ജയരാജന്‍ പറഞ്ഞു. സോളാര്‍ ഗൂഡലോചനയില്‍ അന്വേഷണം വേണമെന്നതില്‍ കോണ്‍ഗ്രസില്‍ തന്നെ രണ്ടാഭിപ്രായമുണ്‍ണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം, അടുത്തയാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ മന്ത്രിസഭ പുനസംഘടന സംബന്ധിച്ച് ധരണായുണ്ടായേക്കും.
നവംബറില്‍ പുനഃസംഘടന നടന്നേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയില്‍ എത്തിയേക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടേക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍തന്നെ ഒറ്റ എംഎല്‍എമാരുള്ള പാര്‍ട്ടികള്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം നല്‍കാനായിരുന്നു ധാരണ. അതനുസരിച്ചാണ് ആദ്യ ടേമില്‍ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിമാരായത്. അവര്‍ക്ക് പകരം ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും. ഇതനുസരിച്ചാണ് പുനഃസംഘടനയ്ക്കുള്ള നീക്കം.

Signature-ad

മന്ത്രിസഭാ പുന:സംഘടനയ്‌ക്കൊപ്പം ചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. എ.എന്‍.ഷംസീര്‍ സ്പീക്കര്‍ സ്ഥാനം ഒഴിയുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. വീണ ജോര്‍ജിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന്‍ തീരുമാനിച്ചാല്‍ അവര്‍ സ്പീക്കര്‍ പദവിയിലേക്ക് എത്തിയേക്കും. അങ്ങനെയെങ്കില്‍ ഷംസീറും മന്ത്രിസഭയിലേക്ക് എത്തിയേക്കും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് മുഖംമിനുക്കല്‍കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള മന്ത്രിസഭാ പുനഃസംഘടനയ്ക്ക് രണ്ടാം പിണറായി സര്‍ക്കാര്‍ ഒരുങ്ങുന്നത്.

എല്‍ജെഡിക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചാല്‍ ഷംസീറിന്റെ സാധ്യതകള്‍ അടയുകയും കെ.പി മോഹനന് ചിലപ്പോള്‍ വഴിയൊരുങ്ങാനും സാധ്യതയുണ്ട്. ഈ മാസം 20 ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തിലും അതിനോടനുബന്ധിച്ച് നടത്തുന്ന സിപിഎം നേതൃയോഗങ്ങളിലാകും പുന:സംഘടന എങ്ങനെ വേണമെന്ന് അന്തിമ ധാരണയാകുക. എ.കെ ശശീന്ദ്രനില്‍ നിന്ന് വനംവകുപ്പ് ഗണേഷിന് നല്‍കി പകരം ഗതാഗതം എന്‍സിപിക്ക് നല്‍കുന്നതും ആലോചനയിലുള്ളതായാണ് സൂചന. സിപിഎം മന്ത്രിമാരില്‍ ചിലരുടെ വകുപ്പുകളിലും മാറ്റമുണ്ടാകാനുള്ള സാധ്യതയും തള്ളാനാവില്ല.

 

Back to top button
error: