മലപ്പുറം: രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ച 82 വയസ്സുകാരിയുടെ നിപ പരിശോധന ഫലം നെഗറ്റീവ്. നിപ രോഗികളുമായി ഇവര്‍ക്ക് സമ്പര്‍ക്കമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടത് ആശങ്കയ്ക്കിടയാക്കിയിരുന്നു.
അരീക്കോട് കാവനൂരിലെ എളയൂര്‍ സ്വദേശിനിയായ ഇവര്‍ കടുത്ത പനിയും അപസ്മാരവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സതേടിയത്. ഇവരെ വിശദ പരിശോധനകള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ എൈസാലേഷന്‍ വാര്‍ഡിലേക്കുമാറ്റിയിരിക്കുകയായിരുന്നു.
ഇവരുടെ രക്ത -സ്രവ സാംപിളുകള്‍ ശേഖരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ചിരുന്നു. അതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
സംസ്ഥാനത്ത് നിലവില്‍ കോഴിക്കോട് മാത്രമാണ് നിപ രോഗികള്‍ ഉള്ളതായി സ്ഥിരീകരിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് ഒരു വിദ്യാര്‍ഥിയെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം പരിശോധനയില്‍ നിപയില്ലെന്ന് കണ്ടെത്തിയിരുന്നു.
കോഴിക്കോട് ഇന്ന് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 39-കാരനാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മരിച്ച രണ്ടു പേര്‍ക്കടക്കം കോഴിക്കോട് ഇതുവരെ ആറു പേര്‍ക്കാണ് നിപ സ്ഥിരീകരിച്ചത്. ഇതില്‍ നാലു പേര്‍ ചികിത്സയിലാണ്.