ഇടുക്കി: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണിലെ അഡ്വഞ്ചര്‍ പാര്‍ക്കില്‍ ആരംഭിച്ച ഗ്ലാസ് ബ്രിഡ്ജ് ഇതിനകം തന്നെ ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും നിളം കൂടിയ കാന്റി ലിവര്‍ ഗ്ലാസ് ബ്രിഡ്ജ് എന്ന നിലയില്‍ സഞ്ചാരികള്‍ കൗതുകത്തോടെയാണ് വാഗമണിലേക്ക് എത്തുന്നത്.
ഗ്ലാസ് ബ്രിഡ്ജ് ഉദ്ഘാടന വേളയിലും പിന്നീട് സോഷ്യല്‍മീഡിയയിലൂടെയും നിരവധി പേര്‍ എന്‍ട്രി ഫീസ് കുറക്കാനാവശ്യമായ ഇടപെടല്‍ നടത്തണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്, ഇക്കാര്യം പരിശോധിക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. തുടര്‍ന്ന്, ഇപ്പോള്‍ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവേശന ഫീസ് 500 രൂപയില്‍നിന്ന് 250 രൂപയായി കുറക്കാന്‍ തീരുമാനിച്ചു.
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വാഗമണ്ണിലെ ചില്ലുപാലം സെപ്തംബര്‍ ആറിനാണ് വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്. സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാര്‍സും ചേര്‍ന്നാണ് ഗ്ലാസ് ബ്രിഡ്ജ് ഒരുക്കിയിരിക്കുന്നത്.
സമുദ്രനിരപ്പില്‍നിന്ന് 3600 അടി ഉയരത്തിലുള്ള വാഗമണ്ണില്‍ 120 അടി നീളത്തില്‍ ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസില്‍ നിര്‍മിച്ച പാലത്തിനു മൂന്നുകോടി രൂപയാണ് നിര്‍മാണച്ചെലവ്. 35 ടണ്‍ സ്റ്റീലാണ് പാലം നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഒരേസമയം 15 പേര്‍ക്ക് കയറാവുന്ന പാലത്തില്‍ കയറിനിന്നാല്‍ മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകള്‍ വരെ കാണാന്‍ സാധിക്കും.
ആകാശ ഊഞ്ഞാല്‍, സ്‌കൈ സൈക്ലിങ്, സ്‌കൈ റോളര്‍, റോക്കറ്റ് ഇജക്ടര്‍, ഫ്രീഫോള്‍, ജയന്റ് സ്വിങ്, സിപ്ലൈന്‍ തുടങ്ങിയവയും സാഹസിക പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. 40 മീറ്ററാണ് ചില്ലുപാലത്തിന്റെ നീളം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു സാഹസികതയ്ക്കാണ് വാഗമണ്ണിലെ അഡ്വഞ്ചര്‍ പാര്‍ക്കില്‍ അവസരം ഒരുങ്ങുന്നത്.
120 അടി നീളമുള്ള ചില്ലുപാലത്തില്‍ ഒരേ സമയം 15 പേര്‍ക്കാണ് കയറാന്‍ അനുമതിയുള്ളത്. അഞ്ചുമുതല്‍ പരമാവധി 10 മിനിറ്റുവരെയാണ് പാലത്തില്‍ ചിലവഴിക്കാനാകുക. പ്രായഭേദമന്യേ 500 രൂപയാണ് പാലത്തിലേക്കുള്ള പ്രവേശനഫീസ്. ചില്ലുപാലത്തിലേക്കുള്ള തിരക്ക് നിയന്ത്രിക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഉയരത്തിലുള്ള ചില്ലുപാലത്തിലൂടെയുള്ള നടത്തം ഇടുക്കിയിലെയും വാഗമണ്ണിലെയും ടൂറിസം മേഖലയുടെ വികസനത്തിലേക്കുള്ള നടന്നുകയറ്റം കൂടിയാണ്. ആദ്യം കയറുന്ന ആരിലും ഗ്ലാസ് പ്ലാറ്റ്‌ഫോമിലൂടെയുള്ള നടത്തം ചങ്കിടിപ്പുണ്ടാക്കും. മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകളുടെ വിദൂര കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് നവ്യാനുഭവം പകരും.