KeralaNEWS

പീഡിപ്പിച്ചതും ഉമ്മൻചാണ്ടിയുടെ പേര് എഴുതിച്ചേർത്തതും ഗണേഷ്കുമാർ :ഫെനി ബാലകൃഷ്ണൻ 

തിരുവനന്തപുരം: സോളാര്‍ കേസ് പരാതിക്കാരി എഴുതിയ 21 പേജുള്ള ആദ്യ നിവേദനത്തില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്നും പിന്നീട് അത് എഴുതിച്ചേര്‍ത്തതാണെന്നും പരാതിക്കാരിയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ.
പരാതിക്കാരിയെ പീഡിപ്പിച്ചതും  അവരുടെ പരാതിയിൽ ഉണ്ടായിരുന്ന തന്റെ പേര് വെട്ടിമാറ്റി അവിടെ ഉമ്മൻചാണ്ടിയുടെ പേര് എഴുതിച്ചേർത്തതും ഗണേഷ്കുമാർ ആണെന്നും ഫെനി തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ആദ്യം 21 പേജുണ്ടായിരുന്ന പരാതി പിന്നീട് നാലുപേജായി ചുരുങ്ങി. ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ത്തത് കെ.ബി. ഗണേഷ്കുമാറിന്‍റെ നിര്‍ദേശപ്രകാരം ശരണ്യ മനോജിന്‍റെ നേതൃത്വത്തിലായിരുന്നു.പത്തനംതിട്ട സബ് ജയിലില്‍നിന്നും പരാതിക്കാരി തനിക്കു നല്കിയ കത്തില്‍ ആകെ 21 പേജുകള്‍ ഉണ്ടെന്ന് ജയില്‍ സൂപ്രണ്ടിനെ സാക്ഷ്യപ്പെടുത്തി ഒപ്പിട്ടു നല്കിയിട്ടുള്ളതാണ്. ഈ കത്തിന്‍റെ രണ്ടാം പേജില്‍ ഗണേഷ്കുമാര്‍ പരാതിക്കാരിയെ പീഡിപ്പിച്ചതായി എഴുതിയിട്ടുണ്ടായിരുന്നു. എന്നാല്‍, ഇതു പിന്നീട് ഒഴിവാക്കപ്പെട്ടു. ഗണേഷിന്‍റെ പേര് കത്തില്‍ ഉള്ള കാര്യം ശരണ്യ മനോജിനോടു പറഞ്ഞിരുന്നു.

പരാതിക്കാരി നല്കിയ കത്ത് അവരുടെതന്നെ നിര്‍ദേശത്തെ തുടര്‍ന്ന് ഗണേഷ്കുമാറിന്‍റെ സഹായി പ്രദീപിനെ ഏല്പിച്ചു. ജയിലില്‍ നിന്നിറങ്ങിയ പരാതിക്കാരി ആറ് മാസം ശരണ്യ മനോജിന്‍റെ വീട്ടിലാണ് താമസിച്ചിരുന്നത്. തുടര്‍ന്ന് തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നു ശരണ്യ മനോജ് പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തേക്ക് പോകുന്പോള്‍ മനോജ് ഒരു കത്ത് വായിക്കാനായി നല്കി. അതില്‍ ഉമ്മൻ ചാണ്ടിയുടേയും ജോസ് കെ. മാണിയുടെയും പേര് പരാമര്‍ശിച്ചിരുന്നു.ഗണേശിന്റെ പേര് ഉണ്ടായിരുന്നില്ല.

Signature-ad

പേര് കൂട്ടിച്ചേര്‍ക്കുന്നത് ശരിയാണോ എന്നു ചോദിച്ചപ്പോള്‍ ഗണേഷ്കുമാറിന്‍റെ നിര്‍ദേശപ്രകാരമാണെന്നും അദ്ദേഹത്തിന് മന്ത്രിപദത്തില്‍ തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ലെന്നും അതുകൊണ്ട് മുഖ്യനെ എങ്ങനെയെങ്കിലും താഴെയിറക്കണമെന്നും ശരണ്യ മനോജ് പറഞ്ഞതായും ഫെനി വ്യക്തമാക്കി.

ഈ കത്ത് പരാതിക്കാരിയുടെ കൈപ്പടയില്‍ എഴുതി ഡ്രാഫ്റ്റ് ചെയ്തിട്ട് പത്രസമ്മേളനം നടത്താനും ശരണ്യ മനോജ് നിര്‍ദേശിച്ചിരുന്നു.പരാതിക്കാരി സൂക്ഷിക്കാൻ ഏല്പിച്ച സിഡി ഉള്‍പ്പെടെ പല തെളിവുകളും തന്‍റെ കൈയിലുണ്ടെന്നും ആ തെളിവ് ലഭിക്കാൻ പലരും സമീപ്പിച്ചിരുന്നുവെന്നും ഫെനി പറഞ്ഞു. ഗണേഷ് കുമാര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനവും കാറും വരെ തനിക്ക് വാഗ്ദാനം ചെയ്തിരുന്നതായും ഫെനി പറഞ്ഞു.

Back to top button
error: