ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വള്ളികുന്നം എണ്ണമ്പള്ളിശ്ശേരി സലിമിനെയാണ് (22) വള്ളികുന്നം പൊലീസ് പിടികൂടിയത്.
പെണ്‍കുട്ടിയെ ഇയാള്‍ കഴിഞ്ഞ ഒരാഴ്ച മുന്‍പാണ് പീഡിപ്പിച്ചത്. സംഭവം പെണ്‍കുട്ടിയുടെ.ബന്ധുക്കള്‍ അറിഞ്ഞതോടെ സലിം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ എം.എം ഇഗ്നേഷ്യസ്, എസ്.ഐമാരായ കെ അജിത്ത്, കെ.ആര് രാജീവ്, നിസാം എന്നിവരുടെ സംഘമാണ് സലിമിനെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അതിനിടെ, കൂത്തുപറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധനെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. കൂത്തുപറമ്പ് എലിപ്പറ്റച്ചിറ ജയേഷിനെയാണ് തളിപ്പറമ്പ പൊലീസാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്.