KeralaNEWS

നിപ പരിശോധനാഫലം രാത്രിയോടെ; മരിച്ച രണ്ടുപേരും തമ്മില്‍ സമ്പര്‍ക്കം

കോഴിക്കോട്: ജില്ലയില്‍ അസ്വാഭാവികമായി രണ്ടു പേര്‍ മരിച്ചതിനെ തുടര്‍ന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഫലം ചൊവ്വാഴ്ച രാത്രിയോടെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നിപ ബാധയുണ്ടോയെന്നാണ് പരിശോധിക്കുന്നത്. പുണെ വൈറോളജി ലാബിലാണ് പരിശോധന നടക്കുന്നത്. മരിച്ചവരില്‍ ഒരാളുടേയും രോഗ ലക്ഷണങ്ങള്‍ ഉള്ളവരുടേയും സ്രവമാണ് പരിശോധനയ്ക്കായി എടുത്തതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നിപ സംശയത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ ഉന്നതതല അവലോകന യോഗത്തിന് മന്ത്രി വീണാ ജോര്‍ജ് കോഴിക്കോടെത്തി. കളക്ടറേറ്റിലാണ് ഉന്നത തല യോഗം. ഓഗസ്റ്റ് 30-നാണ് ആദ്യ മരണം സംഭവിച്ചത്. ഇന്നലെയാണ് രണ്ടാമത്തെ മരണമുണ്ടായത്. മരിച്ച രണ്ടുപേരും ഒരേ ആശുപത്രിയില്‍ ഒരു മണിക്കൂറോളം ഒരുമിച്ചുണ്ടായിരുന്നു. കൂടാതെ ഇവര്‍ തമ്മില്‍ നേരത്തെയും സമ്പര്‍ക്കമുണ്ടായിരുന്നുവെന്നും വ്യക്തമായതായി ആരോഗ്യമന്ത്രി പറഞ്ഞു.

Signature-ad

”നിപയാകാം എന്ന സംശയം മാത്രമാണുള്ളത്. അങ്ങനെ ആകാതിരിക്കട്ടെ. സംശയത്തിന്റെ അടിസ്ഥാനത്തിലുള്ള മുന്നൊരുക്കങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തിവരുന്നത്. നിപ സംശയിക്കുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ള ആളുകളെ റിസ്‌ക് അനുസരിച്ച് തരംതിരിക്കും” – മന്ത്രി പറഞ്ഞു.

പരിശോധനാഫലം വരുന്നതിനനുസരിച്ചുള്ള നടപടികള്‍ക്ക് ആരോഗ്യ വകുപ്പ് തയ്യാറെടുത്തിട്ടുണ്ട്. ആദ്യം മരിച്ചയാളുടെ സ്രവം പരിശോധനയ്ക്കായി എടുക്കാനായിട്ടില്ല. മറ്റു അസുഖങ്ങള്‍ ഇയാള്‍ക്ക് ഉണ്ടായിരുന്നു. ഇയാളുടെ അടുത്ത ബന്ധുക്കള്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് സംശയങ്ങള്‍ക്കിടയാക്കിയതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. രണ്ടാമത് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ചിട്ടില്ല. പരിശോധന ഫലം വന്നതിനു ശേഷമാകും ഇയാളുടെ മൃതദേഹം സംസ്‌കരിക്കുക.

Back to top button
error: