IndiaNEWS

രാഷ്ട്രപതിയുടെ അത്താഴവിരുന്നില്‍ മമതാ ബാനര്‍ജി; വിമര്‍ശനവുമായി കോണ്‍ഗ്രസ്

കൊല്‍ക്കത്ത: ജി20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതി ദൗപതി മുര്‍മു നടത്തിയ അത്താഴവിരുന്നില്‍ പങ്കെടുത്ത ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. നടപടി മോദി സര്‍ക്കാരിനെതിരായ മമതയുടെ നിലപാടുകളെ ദുര്‍ബലമാക്കുകയില്ലേ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഥിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. പരിപാടിയില്‍ പങ്കെടുത്തതിനു മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ ബിജെപി വിരുദ്ധ ‘ഇന്ത്യ’ മുന്നണിക്കു പിന്നിലെ പ്രധാനശക്തിയാണ് മമതാ ബാനര്‍ജിയെന്നും ചില പ്രോട്ടോക്കോളുകള്‍ പാലിക്കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് പഠിപ്പിക്കേണ്ടതില്ലെന്നും തൃണമൂല്‍ തിരിച്ചടിച്ചു.

പല ബിജെപി ഇതര മുഖ്യമന്ത്രിമാരും അത്താഴവിരുന്നില്‍നിന്നു വിട്ടുനിന്നപ്പോള്‍ മമതാ ബാനര്‍ജി ഒരു ദിവസം മുന്‍പ് തന്നെ ഡല്‍ഹിയില്‍ എത്തിയെന്ന് ചൗധരി പറഞ്ഞു. കേന്ദ്രമന്ത്രി അമിത്ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കൊപ്പം ഒരു മുറിയിലാണ് മമതാ ബാനര്‍ജി പരിപാടിയില്‍ പങ്കെടുത്തത്. ഈ നേതാക്കള്‍ക്കൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ ഇത്രദൂരം ധൃതിപിടിച്ച് ഡല്‍ഹിയില്‍ എത്താന്‍ അവരെ പ്രേരിപ്പിച്ചതെന്താണെന്നാണ് എന്റെ അദ്ഭുതം. ഇതിനു മറ്റെന്തെങ്കിലും കാരണമുണ്ടോ.- ചൗധരി ചോദിച്ചു.

അതേസമയം, മുഖ്യമന്ത്രി അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ എപ്പോള്‍ പോകണമെന്ന് ചൗധരിയല്ല തീരുമാനിക്കേണ്ടതെന്ന് തൃണമൂല്‍ രാജ്യസഭാംഗം സന്തനു സെന്‍ പറഞ്ഞു. വിഷയത്തില്‍ ഇരുപാര്‍ട്ടികള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപിയും രംഗത്തെത്തി. സംസ്ഥാനത്ത് തൃണമൂല്‍ അതിക്രമങ്ങളുടെ ഇരകളായ ജനങ്ങളെ വഞ്ചിച്ച് കോണ്‍ഗ്രസും സിപിഎമ്മും ഡല്‍ഹിയില്‍ തൃണമൂലുമായി കൈകോര്‍ത്തിരിക്കുകയാണെന്ന് ബിജെപി ബംഗാള്‍ വക്താവ് സാമിക് ഭട്ടാചാര്യ പറഞ്ഞു.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: