IndiaNEWS

46 അടി നീളമുള്ള കൂറ്റൻ തിമിംഗലത്തിൻറെ ജഡം കർണാടക തീരത്ത് അടിഞ്ഞു

ഹൊന്നാവർ: കർണാടകയിലെ ഉത്തര കന്നട ജില്ലയിൽ കൂറ്റൻ തിമിംഗലം തീരത്തടിഞ്ഞു. ഹൊന്നാവറിലെ മഗാളി ഗ്രാമത്തിലെ കടൽ തീരത്താണ് 46 അടി വലുപ്പമുള്ള കൂറ്റൻ തിമിംഗലത്തിൻറെ ജഡം അടിഞ്ഞത്. പകുതിയോളം അഴുകിയ നിലയിലായതിനാൽ തന്നെ ഏതുവിഭാഗത്തിൽപെട്ട തിമിംഗലമാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ബാലീൻ തിമിംഗലമാണിതെന്നും അതല്ല ബ്രൈഡ്സ് തിമിംഗലമാണിതെന്നും ചിലർ അഭിപ്രായപ്പെടുന്നത്. കൂടുതൽ പരിശോധനക്കുശേഷമെ ഏതു വിഭാഗത്തിൽപെട്ട തിമിംഗലമാണെന്ന് വ്യക്തമാകുകയുള്ളുവെന്നാണ് വിദഗ്ധർ പറയുന്നത്.

നേത്രാനി ദ്വീപിന് സമീപം മുമ്പും ബാലീൻ തിമിംഗലത്തെ കണ്ടെത്തിയിട്ടുണ്ടെന്നും അതിനാൽ തന്നെ തീരത്തടിഞ്ഞത് ബാലീൻ തിമിംഗലമാണെന്നും ഹൊന്നാവറിലെ മറൈൻ വിദഗ്ധനായ പ്രകാശ് പറഞ്ഞു. തിമിംഗലം തീരത്തടിഞ്ഞ പ്രദേശത്തേക്ക് എത്തിപ്പെടുക പ്രയാസകരമാണെന്നും അതീവ സംരക്ഷിത മേഖലയിൽ ഉൾപ്പെട്ട സ്ഥലമാണെന്നും പ്രകാശ് മെസ്ത പറഞ്ഞു. പത്തു മുതൽ 102 മീറ്റർ വരെ നീളമുള്ള വംശനാശ ഭീഷണി നേരിടുന്നവയാണ് ബാലീൻ തിമിംഗലങ്ങൾ. വളരെ അപൂർവമായാണ് ഇവയെ പശ്ചിമ തീരത്ത് കാണാറുള്ളത്. ഇപ്പോൾ തീരത്തടിഞ്ഞ തിമിംഗലത്തിന് 45 അടി നീളമാണുള്ളത്.

Signature-ad

ചിത്രങ്ങൾ പരിശോധിക്കുമ്പോൾ ബ്രൈഡ്സ് തിമിംഗലമാണെന്നാണ് കരുതുന്നനതെന്ന് ബയോളജിസ്റ്റ് ദീപാനി സുതാരിയ പറയുന്നു. ജഡം അഴുകിയ നിലയിലായതിനാൽ ഏതുവിഭാഗമാണെന്ന് നിർണയിക്കാൻ ബുദ്ധിമുട്ടാണ്. പശ്ചിമ തീരത്ത് ഇതിന് മുമ്പ് നിരവധി തവണ ബ്രൈഡ്സ് തിമിംഗലത്തെ കണ്ടെത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു. മത്സ്യതൊഴിലാളികളാണ് തിമിംഗലം തീരത്തടിഞ്ഞതിനെക്കുറിച്ച് അധികൃതർക്ക് വിവരം നൽകിയത്. സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തിയാലെ ഏതുവിഭാഗത്തിലുള്ള തിമിംഗലമാണെന്ന് വ്യക്തമാകുകയുള്ളു.

Back to top button
error: