ന്യൂഡല്‍ഹി: ജി20 ഉച്ചകോടിക്കായി ന്യൂഡല്‍ഹിയിലുള്ള അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാസന്നാഹത്തില്‍ വീഴ്ച. ബൈഡന്റെ വാഹനവ്യൂഹത്തിലേക്കായി നിശ്ചയിച്ചിരുന്ന സ്വകാര്യ ടാക്സി സ്ഥിരം യാത്രക്കാരനെ കൊണ്ടുവിടാനായിപ്പോയി. യു.എ.ഇ. പ്രസിഡന്റ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍ താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ പ്രവേശിക്കാന്‍ ശ്രമിച്ച വാഹനം സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു.
ഞായറാഴ്ച രാവിലെ 9.30-നായിരുന്നു ബൈഡന്റെ വാഹനവ്യൂഹം യാത്രതിരിക്കേണ്ടിയിരുന്നത്. ഇതിനായി ബൈഡന്‍ താമസിക്കുന്ന ഐ.ടി.സി. മൗര്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പായി സ്ഥിരം യാത്രക്കാരനെ കൊണ്ടുവിടാനാണ് ഹരിയാണ രജിസ്ട്രേഷനിലുള്ള എര്‍ടിഗ കാര്‍ പോയത്. സെന്‍ട്രല്‍ ഡല്‍ഹിയിലെ താജ് മാന്‍സിങ് ഹോട്ടലിലാണ് യാത്രക്കാരനെ വിടേണ്ടിയിരുന്നത്.
ബൈഡന്റെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെടുത്താനായി നിരവധി സ്വകാര്യ വാഹനങ്ങള്‍ വിദേശകാര്യമന്ത്രാലയം വാടകയ്ക്ക് എടുത്തിരുന്നു. യു.എസ്. സ്വന്തം നിലയ്ക്കും 60 വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയിരുന്നു. ബൈഡന്റെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെട്ടെ കാറാണെന്ന് സൂചിപ്പിക്കുന്ന നിരവധി സ്റ്റിക്കറുകള്‍ കാറിലുണ്ടായിരുന്നു.
രാവിലെ എട്ടുമണിയോടെയാണ് ഡ്രൈവര്‍ക്ക് തന്റെ സ്ഥിരം യാത്രക്കാരനില്‍നിന്ന് കോള്‍ വരുന്നത്. 9.30-ഓടെയേ ബൈഡന്റെ വാഹനവ്യൂഹം പുറപ്പെടേണ്ടിയിരുന്നുള്ളൂ എന്നതിനാല്‍, അതിന് മുമ്പ് യാത്രക്കാരനെ താജ് മാന്‍സിങ് ഹോട്ടലേക്ക് കൊണ്ടുപോകാന്‍ ഡ്രൈവര്‍ തീരുമാനിച്ചത്.
സംഭവത്തില്‍ ഡ്രൈവറേയും ബിസിനസ്സുകാരനായ യാത്രക്കാരനേയും ഇന്റലിജന്‍സ് ഏജന്‍സികള്‍ ചോദ്യംചെയ്തു. തനിക്ക് പ്രോട്ടോക്കോളുകളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും ഡ്യൂട്ടിക്കിടെ പുറത്ത് പോകരുതെന്ന് അറിയുമായിരുന്നില്ലെന്നും ഡ്രൈവര്‍ ചോദ്യംചെയ്യലിനിടെ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് ബൈഡന്റെ വാഹനവ്യൂഹത്തില്‍നിന്ന് കാര്‍ മാറ്റി. കാറില്‍ പതിച്ചിരുന്ന സ്റ്റിക്കറുകളും ഒഴിവാക്കി. ഡ്രൈവറേയും യാത്രക്കാരനേയും ചോദ്യംചെയ്യലിന് ശേഷം വിട്ടയച്ചു. ഇരുവര്‍ക്കുമെതിരെ നിയമനടപടിയൊന്നും സ്വീകരിച്ചിട്ടില്ല.