KeralaNEWS

സ്പീക്കര്‍ ഷംസീര്‍ രാജിക്കൊരുങ്ങുന്നു? ലക്ഷ്യം മന്ത്രിസഭാ പുനസംഘടന

തിരുവനന്തപുരം: എ.എന്‍. ഷംസീര്‍ സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ ഒരുങ്ങുന്നതായി സൂചന. സിപിഎം നേതൃത്വത്തുവുമായി ഇതുസംബന്ധിച്ച ആശയവിനിമയം നടന്നുകഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്. രാജി അഭ്യൂഹം നിയമസഭ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശക്തമാണ്. ഇതിന് ആക്കംകൂട്ടി എം.എല്‍.എമാരുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ ഷംസീറിന്റെ അറിയിപ്പ് പുറത്തിറങ്ങി.

ഈ മാസം 11ന് നിയമസഭാ സമ്മേളനത്തില്‍ ചോദ്യോത്തര വേളക്ക് ശേഷം എല്ലാ എം.എല്‍.എമാരും ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ എത്തണമെന്ന് നിയമസഭ സെക്രട്ടറി എ.എം. ബഷീര്‍ നിയമസഭ ബുള്ളറ്റിന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Signature-ad

എം.എല്‍.എമാരുടെ ഗ്രൂപ്പ് ഫോട്ടോ സാധാരണഗതിയില്‍ നിയമസഭ സമ്മേളനത്തിന്റെ അവസാന സെക്ഷനില്‍ ആണ് എടുക്കുന്നത്. മുന്‍കാല സ്പീക്കര്‍മാര്‍ എല്ലാം അഞ്ചാം വര്‍ഷത്തില്‍ അവസാന സമ്മേളനത്തില്‍ ആണ് ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നത്. നിയമസഭയുടെ ഇരുപത്തിനാലാമത്തെ സ്പീക്കറാണ് ഷംസീര്‍. മുന്‍ സ്പീക്കര്‍ എം.ബി. രാജേഷ് മന്ത്രിയായതിനെ തുടര്‍ന്നാണ് ഷംസീര്‍ സ്പീക്കര്‍ കസേരയില്‍ എത്തുന്നത്. ഷംസീര്‍ സ്പീക്കറായിട്ട് ഒരു വര്‍ഷം തികയുകയാണ്.

2022 സെപ്റ്റംബറിലായിരുന്നു ഷംസീര്‍ സ്പീക്കര്‍ ആയത്. രണ്ട് തവണ എംഎല്‍എ ആയ ഷംസിര്‍ മന്ത്രി കസേരയില്‍ എത്തുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍, മുഖ്യമന്ത്രിയുടെ മരുമകനും ആദ്യ ടേം എം.എല്‍.എയുമായ മുഹമ്മദ് റിയാസാണ് മന്ത്രിയായത്.

തുടര്‍ന്ന് എല്‍.ഡി.എഫ് എംഎല്‍എമാരുടെ യോഗങ്ങളില്‍ റിയാസിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഷംസിര്‍ അഴിച്ചു വിട്ടു. ഒടുവില്‍ മന്ത്രിസഭാ പുനസംഘടനയില്‍ എം.ബി രാജേഷ് മന്ത്രിയായതോടെ ഷംസീര്‍ സ്പീക്കര്‍ സ്ഥാനത്തെത്തി. സ്പീക്കര്‍ കസേരയില്‍ പുതിയ മുഖവുമായി ഷംസീര്‍ ശോഭിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. നിഷ്പക്ഷനായ സ്പീക്കര്‍ എന്ന പേര്‍ ഷംസീറിന് ലഭിച്ചു.

ഭരണപക്ഷവും പ്രതിപക്ഷവും നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ ആരംഭിച്ചതോടെ കാഴ്ചക്കാരന്റെ റോളിലായി ഷംസിര്‍. സഭ സമ്മേളനങ്ങള്‍ ശക്തമായ രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്ക് സാക്ഷിയായി. സമ്മേളനം നിയന്ത്രിക്കാനാവാതെ പല ഘട്ടങ്ങളിലും വെട്ടി ചുരുക്കി ഷംസീര്‍ രക്ഷപ്പെട്ടു.

ഗണപതി മിത്താണ് എന്ന ഷംസീറിന്റെ പരാമര്‍ശം കേരള രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കങ്ങള്‍ ഉണ്ടാക്കി. എന്‍എസ്എസിന്റെ നേതൃത്വത്തില്‍ നാമജപ ഘോഷ യാത്ര നടന്നു. ഗണപതി വിരുദ്ധ പരാമര്‍ശം പിന്‍വലിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഷംസീര്‍ മുഖവിലക്ക് എടുത്തില്ല. ഏറ്റവും ഒടുവില്‍ നിയമസഭ ജീവനക്കാര്‍ക്ക് ഷംസിര്‍ നടത്തിയ ഓണസദ്യയും പാളി.

ഭക്ഷണം തികയാതെ വന്നത് വന്‍ ചര്‍ച്ചയായി മാറി. ഓണസദ്യക്ക് ക്വട്ടേഷന്‍ ലഭിച്ചത് ആര്‍എസ്എസ് കാരനായത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴി വച്ചു. ഇങ്ങനെ സംഭവ ബഹുലമായിരുന്നു ഷംസീറിന്റെ ഒരു വര്‍ഷത്തെ സ്പീക്കര്‍ കാലം.

നവംബറില്‍ മന്ത്രിസഭ പുന:സംഘടന ഉണ്ടാകുമെന്നാണ് വിവരം. എംഎല്‍എമാരുടെ ഗ്രൂപ്പ് ഫോട്ടോ നേരത്തെ ആക്കിയ ഷംസീറിന്റെ തീരുമാനം അധികാര ഇടനാഴികളില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

 

Back to top button
error: