കൊച്ചി: ആലുവയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പേരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്‌തേക്കും. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതി ക്രിസ്റ്റല്‍ രാജിന്റെ സുഹൃത്തുകളിലേക്കും പോലീസ് അന്വേഷണം നീളുന്നുണ്ട്. സുഹൃത്തുകള്‍ ആരെങ്കിലും ഇയാളെ കൃത്യം നടത്താന്‍ സഹായിച്ചിരുന്നോ എന്നത് അടക്കമാണ് പോലീസ് അന്വേഷിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ക്രിസ്റ്റലിന്റെ രണ്ട് സുഹൃത്തുക്കള്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലുണ്ട്. ഇവര്‍ വഴിയാണ് പ്രതി മോഷണമുതല്‍ വില്‍ക്കുന്നതെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അതേസമയം, പ്രതി ക്രിസ്റ്റല്‍ രാജിനെതിരെ വീണ്ടും പോക്‌സോ ചുമത്തി പെരുമ്പാവൂര്‍ പോലീസും കേസെടുത്തു. ഈ കേസിലും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും. ആലുവയിലേതിന് സമാനമായി മോഷ്ടിക്കാനെത്തിയ പ്രതി വീട്ടിലെ കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ക്രിസ്റ്റല്‍ രാജിനെതിരെ പെരുമ്പാവൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന മൂന്നാമത്തെ കേസാണിത്.
വാഹന മോഷണ കേസിലും പ്രതിയാണ് ക്രിസ്റ്റല്‍ രാജ്. ആലുവയിലും പെരുമ്പാവൂരിലും നിത്യസന്ദര്‍ശകനായ ക്രിസ്റ്റല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ സുപരിചിതന്‍ കൂടിയാണ്. പ്രതി ക്രിസ്റ്റല്‍ അന്ന് രാത്രി കുട്ടിയുടെ വീട്ടില്‍ എത്തിയതും മോഷണം ലക്ഷ്യമിട്ടാണെന്ന് ആലുവ പോലീസ് പറഞ്ഞു. അതിനിടെയാണ് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയതും പീഡിപ്പിച്ചതും.
ക്രിസ്റ്റലിന്റെ സഞ്ചിയില്‍ പലയിടങ്ങളില്‍നിന്ന് മോഷ്ടിച്ച എട്ട് മൊബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. രാത്രി രണ്ടുമണിയോടെ ആലുവയിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി ജനലിലൂടെ അകത്തേക്ക് കൈ കടത്തി വാതില്‍ തുറന്നശേഷം അവിടെ കിടന്ന മൊബൈല്‍ ഫോണാണ് ആദ്യം എടുത്തത്. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഏഴ് ദിവത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ അപേക്ഷ എറണാകുളം പോക്‌സോ കോടതി നാളെ പരിഗണിക്കും.