IndiaNEWS

ത്രിപുരയിൽ ബൂത്തുപിടിത്തം വഴി ബിജെപി ജയം

അഗർത്തല: ത്രിപുരയിൽ ബിജെപി ജയിച്ച രണ്ടു മണ്ഡലങ്ങളിലും വ്യാപകമായ ആക്രമണവും ബൂത്തുപിടിത്തവും.ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പുള്ളവരെ മാത്രമാണ് മിക്ക ബൂത്തുകളിലും കടത്തിവിട്ടത്.

മറ്റു വോട്ടുകളില്‍ ബഹുഭൂരിഭാഗവും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ബിജെപി ഗുണ്ടാസംഘം ചെയ്തു. സംസ്ഥാന മന്ത്രി ബികാഷ് ദേബ്ബര്‍മ, എംഎല്‍എ രാംപെദ ജമാതിയ എന്നിവരുടെ നേതൃത്വത്തില്‍ പുറത്തുനിന്നെത്തിയ ആയുധധാരികളായ നൂറുകണക്കിനുപേര്‍ രണ്ടു മണ്ഡലത്തിലും തമ്ബടിച്ചാണ് അട്ടിമറി നടത്തിയത്. കേന്ദ്ര– -സംസ്ഥാന ഭരണത്തിന്റെ മറവില്‍ സംവിധാനങ്ങളെയാകെ ബിജെപി ദുരുപയോഗം ചെയ്യുകയായിരുന്നു.

സിപിഐ എമ്മിന് വോട്ട് ചെയ്യുമെന്ന് ഉറപ്പുള്ളവരെ വീടുകളിലെത്തി ഭീഷണിപ്പെടുത്തി. വോട്ട് ചെയ്യാൻ പുറത്തിറങ്ങിയാല്‍ വീട് കത്തിക്കുമെന്നായിരുന്നു ഭീഷണി. സിപിഐ എം നിശ്ചയിച്ച പോളിങ് ഏജന്റുമാര്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങുന്നത് തടയാൻ ആയുധധാരികള്‍ കാവല്‍നിന്നു. ബോക്സാനഗറില്‍ 16ഉം ധൻപുരില്‍ 19ഉം പോളിങ് ഏജന്റുമാര്‍ക്ക് മാത്രമാണ് ബൂത്തുകളില്‍ എത്താനായത്. എന്നാല്‍, ഇവരെയും ബലം പ്രയോഗിച്ച്‌ പുറത്താക്കി. പോളിങ് ഉദ്യോഗസ്ഥരും പൊലീസും കണ്ടില്ലെന്ന് നടിച്ചു.

Signature-ad

ഫെബ്രുവരിയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ബോക്സാനഗറില്‍ സിപിഐ എം സ്ഥാനാര്‍ഥി ഷംസുല്‍ ഹഖിന് 50.34 ശതമാനം വോട്ട് ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥി തഫാജല്‍ ഹൊസൈന് 37.76 ശതമാനം വോട്ട് മാത്രമാണ് കിട്ടിയത്. ആറു മാസത്തിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വോട്ട് വിഹിതം 88 ശതമാനമായി.

ധൻപുരില്‍ കേന്ദ്രമന്ത്രിയായ ബിജെപി സ്ഥാനാര്‍ഥിക്ക് കഴിഞ്ഞ തവണ 42.25 ശതമാനം വോട്ട് കിട്ടിയെങ്കില്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയുടെ വോട്ട് വിഹിതം 71 ശതമാനമായി. ഇത്രയും അവിശ്വസനീയമായ വര്‍ധനയില്‍നിന്നുതന്നെ തെരഞ്ഞെടുപ്പ് അട്ടിമറി വ്യക്തം.രണ്ടു സീറ്റിലും കോണ്‍ഗ്രസ് സിപിഐ എമ്മിന് പിന്തുണ നല്‍കി.

Back to top button
error: