KeralaNEWS

പൂവച്ചലില്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് സുചന,  സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം ജില്ലയിലെ പൂവച്ചലില്‍ പത്താം ക്ലാസുകാരന്‍ കാറിടിച്ച് മരിച്ചതില്‍ വഴിത്തിരിവ്. പൂവച്ചല്‍ സ്വദേശിയായ  15 വയസുകാരന്‍ ആദി ശേഖറിന്റെ മരണം കൊലപാതകമെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കുട്ടിയുടെ അകന്ന ബന്ധുവായ നാലാഞ്ചിറ സ്വദേശി പ്രിയരഞ്ജനാണ് പ്രതി.

ക്ഷേത്രമതിലിന് സമീപം പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് ആദി ശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള പകയാകാം കൃത്യത്തിന് പിന്നിലെന്നാണ് നിഗമനം. പ്രതി നിലവില്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുട്ടിയെ ഇടിച്ച കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

Signature-ad

കാട്ടാക്കട പൂവച്ചല്‍ അരുണോദയത്തില്‍ അരുണ്‍കുമാര്‍- ദീപ ദമ്പതികളുടെ മകനായ ആദി ശേഖര്‍ കാട്ടാക്കട ചിന്മയ മിഷന്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ മുന്‍വശത്ത് വച്ച് കഴിഞ്ഞ 31ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. സൈക്കിള്‍ ചവിട്ടുകയായിരുന്ന ആദി ശേഖറിനെ പടിയന്നൂര്‍ ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. കുട്ടിയുടെ ബന്ധുവിന്റെ കാറാണ് അപകടം ഉണ്ടാക്കിയതെന്ന് അന്ന് തന്നെ കണ്ടെത്തിയിരുന്നു.

Back to top button
error: