കണ്ണൂര്‍: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ കൂറ്റന്‍ വിജയത്തിലേക്കു കുതിക്കുമ്പോള്‍, തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് ബിജെപിയെ കുറ്റപ്പെടുത്തി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. പുതുപ്പള്ളിയില്‍ ബിജെപിയുടെ പെട്ടി കാലിയാണെന്ന് ജയരാജന് ചൂണ്ടിക്കാട്ടി. അവരുടെ വോട്ട് എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു. ഇടതുപക്ഷത്തിന്റെ വോട്ട് ജെയ്ക് സി.തോമസിനു തന്നെ ലഭിച്ചിട്ടുണ്ടെന്നും ജയരാജന് അവകാശപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്, പുതുപ്പള്ളിയിലെ ഇടതു സ്ഥാനാര്‍ഥി ജെയ്ക് എന്നിവര്‍ക്കു പിന്നാലെയാണ്, ബിജെപി യുഡിഎഫിനു വോട്ടു മറിച്ചെന്ന ജയരാജന്റെ ആരോപണം.
”ഇപ്പോള്‍ വന്നിരിക്കുന്ന ഫലം വച്ചു നോക്കിയാല്‍, യുഡിഎഫ് സ്ഥാനാര്‍ഥി മികച്ച ഭൂരിപക്ഷത്തോടെ ജയിക്കും. പക്ഷേ, ബിജെപിക്ക് വോട്ടില്ല. അത് എങ്ങോട്ടു പോയി? അവര്‍ക്ക് പുതുപ്പള്ളിയില്‍ ഉള്ള വോട്ടു പോലും കിട്ടിയില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടു പോലും ഇത്തവണ കാണുന്നില്ല. തിരഞ്ഞെടുപ്പു ഫലം പൂര്‍ണമായും വരട്ടെ. അതുകഴിഞ്ഞ് എല്ലാം വിശകലനം ചെയ്ത് പ്രതികരിക്കാം.’ ജയരാജന് പറഞ്ഞു.
”നിങ്ങള്‍ തന്നെ ആലോചിച്ചു നോക്കൂ. ബിജെപിക്ക് വോട്ടു കിട്ടിയിട്ടില്ല. അവരുടെ പെട്ടി കാലിയാണ്. അത് എങ്ങോട്ടു പോയി? ഇതുവരെയുള്ള വോട്ടുനില നോക്കിയാല്‍, ഞങ്ങള്‍ക്കു വോട്ട് ഞങ്ങള്‍ക്കു തന്നെ കിട്ടിയിട്ടുണ്ട്.” -ജയരാജന് ചൂണ്ടിക്കാട്ടി.