KeralaNEWS

ഉമ്മന്‍ചാണ്ടിയെയും മറികടന്ന് ചാണ്ടിഉമ്മന്‍; ജെയ്കിന് ഹാട്രിക് തോല്‍വി, ചിത്രത്തിലില്ലാതെ ബിജെപി

കോട്ടയം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം. ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷവും മറികടന്നു. ചാണ്ടിയുടെ ലീഡ് 39,513 വോട്ട്. മറികടന്നത് 2011ല്‍ ഉമ്മന്‍ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ലീഡ്. സ്‌ട്രോങ് റൂമുകളുടെ താക്കോലുകള്‍ മാറിയതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ 10 മിനിറ്റ് വൈകിയിരുന്നു. കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണല്‍.

7 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 72.86% പേര്‍ വോട്ട് ചെയ്‌തെന്ന് ഔദ്യോഗിക കണക്ക്. ഉമ്മന്‍ ചാണ്ടി മുഖ്യചര്‍ച്ചാവിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വികസനവും വിവാദങ്ങളും ഒപ്പം ഉയര്‍ന്നിരുന്നു. മുന്‍മുഖ്യമന്ത്രിയുടെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ സ്ഥാനാര്‍ഥിയായി എന്ന അപൂര്‍വതയ്ക്കും പുതുപ്പള്ളി സാക്ഷ്യം വഹിച്ചു. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. നിയമസഭയിലേക്കു ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്.

Signature-ad

ജെയ്ക് സി.തോമസാണു ഇടതു മുന്നണി സ്ഥാനാര്‍ഥി. 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോടു ജെയ്ക് മത്സരിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ലിജിന്‍ ലാലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ലൂക്ക് തോമസ് (എഎപി), പി.കെ.ദേവദാസ് (സ്വതന്ത്ര സ്ഥാനാര്‍ഥി), ഷാജി (സ്വതന്ത്ര സ്ഥാനാര്‍ഥി), സന്തോഷ് ജോസഫ് (സന്തോഷ് പുളിക്കല്‍ സ്വതന്ത്ര സ്ഥാനാര്‍ഥി) എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവര്‍. 1970 മുതല്‍ 53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത് ഉമ്മന്‍ ചാണ്ടിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ക്കാലം എംഎല്‍എ ആയിരുന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്. ജൂലൈ 18നാണ് ഉമ്മന്‍ ചാണ്ടി അന്തരിച്ചത്.

ഇതിനൊപ്പം ഡുംറി (ഝാര്‍ഖണ്ഡ്), ബോക്‌സാനഗര്‍, ധന്‍പുര്‍ (ത്രിപുര), ധുപ്ഗുരി (ബംഗാള്‍), ഘോസി (യുപി), ബാഗേശ്വര്‍ (ഉത്തരാഖണ്ഡ്) എന്നിവിടങ്ങളിലെയും ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നു പ്രഖ്യാപിക്കും.

 

 

 

 

Back to top button
error: