CrimeNEWS

അഷ്ടമിരോഹിണി സമൂഹസദ്യയ്ക്കിടെ വീട്ടമ്മയുടെ പഴ്സ് കവര്‍ന്നു; സ്ത്രീകള്‍ പിടിയില്‍

പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ചുള്ള അഷ്ടമിരോഹിണി വള്ളസദ്യയ്ക്കും ദര്‍ശനത്തിനുമായെത്തിയ വീട്ടമ്മയുടെ പണവും രേഖകളുമടങ്ങിയ പഴ്സ് കവര്‍ന്ന രണ്ട് നാടോടി സ്ത്രീകള്‍ പിടിയില്‍. അയിരൂര്‍ കൈതക്കോടി മൂക്കന്നൂര്‍ കുടത്തിനാല്‍ രാജന്‍ നായരുടെ ഭാര്യ അംബിക (55) യുടെ തോളില്‍ തൂക്കിയിട്ട ബാഗിന്റെ സിബ് തുറന്ന് 9200 രൂപയും പഴ്സുമാണ് മോഷ്ടിച്ചത്. ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ പഴ്സിലുണ്ടായിരുന്നു. സംശയം തോന്നി ആളുകള്‍ തടഞ്ഞുവെച്ച നാടോടി സ്ത്രീകളെ പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആന്ധ്രാപ്രദേശ് രാജാപ്പള്ളി സ്വദേശിനികളായ മഞ്ജു (58), ഹേമ (38) എന്നിവരാണ് പിടിയിലായത്. രേഖകള്‍ വെച്ചിരുന്ന പഴ്സ് പ്രതികളില്‍നിന്നു കണ്ടെടുത്തു. ഇവ വീട്ടമ്മയെ കാണിച്ച് തിരിച്ചറിയുകയും ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്ക് 12:30ന് ക്ഷേത്രദര്‍ശനം കഴിഞ്ഞ് അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് വരിനില്‍ക്കുമ്പോഴാണ് മോഷ്ടിച്ചതെന്ന് ചോദ്യംചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. ഒന്നാം പ്രതി മഞ്ജുവാണ് ബാഗ് തുറന്നത്, രണ്ടാം പ്രതി പണവും മറ്റുമടങ്ങിയ പഴ്സ് മോഷ്ടിച്ചു. പ്രതികളുടെ യഥാര്‍ഥ പേരും മേല്‍വിലാസവും തിരിച്ചറിഞ്ഞിട്ടില്ല.

Signature-ad

പോലീസിനോട് പറഞ്ഞ വിലാസം ശരിയാണോയെന്ന് പരിശോധിച്ചറിയേണ്ടതുണ്ട്. മോഷ്ടിച്ച പണവും കണ്ടെത്തണം. കൂട്ടുപ്രതികളുണ്ടോ, ഇതര സംസ്ഥാനക്കാരായ ഇവര്‍ മറ്റ് പോലീസ് സ്റ്റേഷനുകളില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിനെപ്പറ്റിയും മറ്റും വിശദമായ അന്വേഷണം നടത്തേണ്ടതുമുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

Back to top button
error: