ചെന്നൈ: നിര്‍ത്തിയിട്ട ട്രക്കിലേക്ക് മിനിവാന്‍ ഇടിച്ചുകയറി ഒരുവയസ്സുള്ള പെണ്‍കുഞ്ഞടക്കം ആറുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്ക്. തമിഴ്നാട് സേലം ജില്ലയില്‍ ശങ്കരി ബൈപാസിലാണ് സംഭവം. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
നിര്‍ത്തിയിട്ട ട്രക്കിന്റെ പിന്‍ഭാഗത്തേക്ക് അതിവേഗത്തില്‍ പാഞ്ഞുവന്ന വാന്‍ ഇടിച്ചുകയറുകയായിരുന്നു. ഈറോഡ് പെരുന്തുറൈയിലെ കുട്ടംപാളയം ഹരിജന്‍ കോളനിയിലെ ഒരു കുടുംബത്തിലെ ആറുപേരാണ് മരിച്ചത്. സെല്‍വരാജ് (50), എം. അറുമുഖം (48), ഇയാളുടെ ഭാര്യ മഞ്ജുള (45), പളനിസ്വാമി (45), ഭാര്യ പാപ്പാത്തി (40), ആര്‍. സഞ്ജന (ഒരുവയസ്സ്) എന്നിവരാണ് മരിച്ചത്.
പളനിസ്വാമിയുടെ മകള്‍ ആര്‍. പ്രിയ (21), അറുമുഖന്റെ മകന്‍ വിക്കി എന്ന് പേരുള്ള വിഗ്‌നേഷ് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിഗ്‌നേഷായിരുന്നു വാഹനം ഓടിച്ചിരുന്നത്.
സേലം സ്വദേശി രാജാദുരൈയുമായുമായി രണ്ടുവര്‍ഷം മുമ്പാണ് പ്രിയയുടെ വിവാഹം നടന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. രണ്ടുപേരും പിരിഞ്ഞു താമസിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പ്രിയയേയും മകളേയും വീട്ടിലേക്ക് തിരികെകൊണ്ടുവരാന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഭര്‍ത്തൃവീട്ടിലേക്ക് പോയതായിരുന്നു പ്രിയയുടെ പിതാവ് പളനിസ്വാമിയും മാതാവ് പാപ്പാത്തിയും.
രാജാദുരൈയുടെ കുടുംബവുമായി സംസാരിച്ച ശേഷം രാത്രി വൈകിയാണ് ഇവര്‍ പെരുന്തുറയിലേക്ക് പുറപ്പെട്ടത്. ശങ്കരി ബൈപ്പാസില്‍ ചിന്നഗൗണ്ടന്നൂരിന് സമീപം എത്തിയപ്പോഴാണ് മിനിവാന്‍ നിര്‍ത്തിയിട്ട ട്രക്കിലേക്ക് പാഞ്ഞുകയറിയത്.
പരിക്കേറ്റവരെ സേലം മോഹന്‍ കുമരമംഗലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹം ശങ്കരി സര്‍ക്കാര്‍ ഹോസ്പിറ്റലിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.