KeralaNEWS

ഡോണ്ടു ഡോണ്ടു! കേന്ദ്ര ഉത്തരവുമായി കേരളത്തില്‍ ബസോടിക്കാന്‍ വന്നാല്‍ ‘ഓടിക്കാന്‍’ എം.വി.ഡി

തിരുവനന്തപുരം: കേന്ദ്ര വിജ്ഞാപനത്തിന്റെ മറവില്‍ സംസ്ഥാനത്ത് ഓടുന്ന കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്കെതിരേ കര്‍ശന നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പ്. നിയമ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആര്‍.ടി.ഒ. മാരുടെയും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാരുടെയും യോഗം 12-ന് തിരുവനന്തപുരത്ത് നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. നിയമം ലംഘിച്ച് കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ സര്‍വീസ് നടത്തുന്നതിനെതിരേ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റായ മേല്‍വിലാസം നല്‍കി ഇതര സംസ്ഥാനങ്ങളില്‍ കുറഞ്ഞ തുകയ്ക്ക് രജിസ്റ്റര്‍ ചെയ്ത ബസുകള്‍ കേരളം കേന്ദ്രീകരിച്ച് ഓടിക്കുന്നുണ്ട്. ഇത്തരത്തിലുള്ള 52 വാഹനങ്ങളെക്കുറിച്ച് വിവരം ലഭിച്ചു. സംസ്ഥാനം കേന്ദ്രീകരിച്ച് ഓടണമെങ്കില്‍ ഈ വാഹനങ്ങള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്യണം. അതിനായി രണ്ടാഴ്ച സമയം നല്‍കിയിട്ടുണ്ട്. സമയം കഴിഞ്ഞും രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കും. ഓള്‍ ഇന്ത്യാ പെര്‍മിറ്റുമായി ബന്ധപ്പെട്ട കേന്ദ്ര വിജ്ഞാപനം മോട്ടോര്‍ വാഹന വകുപ്പ് നിയമത്തിനു വിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു.

Signature-ad

ഇക്കാര്യത്തില്‍ സുപ്രീംകോടതി വിധികളുണ്ട്. വിജ്ഞാപനത്തിന്റെ മറവില്‍ വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയില്ല. ഇത്രയും കാലം യാത്രക്കാരോടുള്ള മാനുഷിക പരിഗണന മൂലം ബസുകള്‍ പിടിച്ചെടുത്തിരുന്നില്ല. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം വാഹന ഉടമയ്ക്കായിരിക്കും-മന്ത്രി പറഞ്ഞു.

ബസുകള്‍ ഇങ്ങനെ ഓടുന്നത് കെ.എസ്.ആര്‍.ടി.സി.യെയും സ്വകാര്യ ബസുകാരെയും ബാധിക്കുന്നുണ്ട് – മന്ത്രി കൂട്ടിച്ചേര്‍ത്തു. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത്, ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, നിയമ വിദഗ്ധര്‍, ഗതാഗത വകുപ്പിലെയും മോട്ടോര്‍ വാഹന വകുപ്പിലെയും കെ.എസ്.ആര്‍.ടി.സി. യിലെയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

മോട്ടോര്‍ വെഹിക്കിള്‍ വകുപ്പില്‍നിന്നുള്ള എതിര്‍പ്പുകളെ മറികടന്ന് സര്‍വീസുമായി മുന്നോട്ടുപോകുമെന്ന് റോബിന്‍ ബസ് ഉടമ ബേബി ഗിരീഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റില്‍ റോബിന്‍ ബസ് ഓടിക്കാന്‍ തുടങ്ങുന്നുവെന്ന വാര്‍ത്ത വന്നതുമുതല്‍ കെ.എസ്.ആര്‍.ടി.സിയും വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥരും തനിക്കെതിരേ തിരിഞ്ഞിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് സെപ്റ്റംബര്‍ ഒന്നിന് റാന്നി ബസ് സ്റ്റാന്‍ഡില്‍ വെച്ച് വെളുപ്പിന് അഞ്ചിന് റോബിന്‍ ബസ് നിയമ ലംഘനത്തിന്റെ പേരില്‍ തടഞ്ഞത്.

കേന്ദ്ര നിയമപ്രകാരം നേടിയ പെര്‍മിറ്റ് എങ്ങനെയെങ്കിലും ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. എന്നാല്‍, ഇതേ പെര്‍മിറ്റ് ആനുകൂല്യത്തിന്റെ ബലത്തില്‍ 200 ബസുകള്‍ കേരളത്തിന്റെ നിരത്തിലിറങ്ങാന്‍ പോവുകയാണ്. അതിനെ എങ്ങനെ നിയമപ്രകാരം തടയാന്‍ സാധിക്കും? ബസുകള്‍ക്ക് ലക്ഷ്യസ്ഥാനം കാണിക്കുന്ന ബോര്‍ഡുകള്‍ വണ്ടിയില്‍ വെക്കാം. റൂട്ട് ബസുകളെപ്പോലെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യാമെന്നും ബേബി ഗിരീഷ് പറഞ്ഞു. അഡ്വ. എബനേസര്‍, സി.പി. മണിലാല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: