CrimeNEWS

ഒപ്പം വരില്ലെന്ന് കാമുകി; ഹൈക്കോടതിയില്‍ കൈ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം

കൊച്ചി: ഹൈക്കോടതിയില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. തൃശൂര്‍ സ്വദേശിയാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവ് ഉള്‍പ്പെട്ട ഹേബിയസ് കോര്‍പ്പസ് കോടതി പരിഗണിക്കുമ്പോഴായിരുന്നു സംഭവം. യുവാവിനൊപ്പം പോകില്ലെന്ന് കാമുകി കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഷ്ണു ആത്മഹത്യക്കു ശ്രമിച്ചത്.

ഹേബിയസ് കോര്‍പ്പസ് പരിഗണിക്കുന്ന ജസ്റ്റിസ് അനു ശിവരാമന്റെ ചേംബറിനു പുറത്തായിരുന്നു സംഭവം. വിഷ്ണു കുറച്ചു നാളുകളായി കാമുകിക്കൊപ്പമാണ് താമസിച്ചിരുന്നത്. അതിനിടെ യുവതിയെ കാണാനില്ലെന്നു കാട്ടി മാതാപിതാക്കള്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു. ഹേബിയസ് കോര്‍പ്പസിന്റെ അടിസ്ഥാനത്തില്‍ യുവതിയെ കോടതിയില്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.

Signature-ad

കോടതിയില്‍ ഹാജരായപ്പോള്‍ ആര്‍ക്കൊപ്പം പോകണമെന്ന് പെണ്‍കുട്ടിയോട് കോടതി ചോദിച്ചു. മാതാപിതാക്കള്‍ക്കൊപ്പം പോയാല്‍ മതി എന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. ഇതില്‍ നിരാശനായ വിഷ്ണു ചേംബറിനു പുറത്തിറങ്ങിയതോടെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ജസ്റ്റിസ് ഇറങ്ങിവന്ന് പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാമെന്നും കത്തി താഴെയിടാനും ആവശ്യപ്പെട്ടു. പിന്നീട് വിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

Back to top button
error: