KeralaNEWS

മൂഴിയാര്‍ ഡാമിന്റെ രണ്ടാമത്തെ ഷട്ടറും തുറന്നു; കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പത്തനംതിട്ട: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മൂഴിയാര്‍ ഡാമിന്റെ രണ്ടാമത്തെ ഷട്ടറും തുറന്നു.40 സെന്റി മീറ്ററാണ് തുറന്നത്.ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നത്.

കിഴക്കന്‍ വനമേഖലയില്‍ മഴ തോരാതെ പെയ്യുകയാണ്. ഉള്‍വനത്തില്‍ വീണ്ടും ഉരുള്‍പൊട്ടിയെന്ന് സംശയമുണ്ട്.സീതത്തോട് ഗുരുനാഥന്‍ മണ്ണ് ഭാഗത്ത് കനത്ത മലവെള്ളപ്പാച്ചിലുണ്ടായി.ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ കഴിഞ്ഞദിവസം ഉയര്‍ത്തിയിരുന്നു. ഒന്നാം തീയതി വൈകുന്നേരത്തോടെ ആരംഭിച്ച മഴ ഇടയ്ക്ക് ഒന്നു ശമിച്ചെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ വീണ്ടും ശക്തമാകുകയായിരുന്നു.സീതക്കുഴി-മുണ്ടൻപാറ റൂട്ടില്‍ മണ്ണിടിച്ചിലുണ്ടായി. മുണ്ടൻപാറ തോട്ടില്‍ മലവെള്ളപ്പാച്ചിലുണ്ടായെന്നു നാട്ടുകാര്‍ പറഞ്ഞു.

കക്കിയില്‍ ഒന്നാം തീയതി അതിതീവ്ര മഴ രേഖപ്പെടുത്തിയിരുന്നു. 225 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. അത്തിക്കയത്ത് 101 മില്ലി മീറ്ററും ആങ്ങമൂഴിയില്‍ 153 മില്ലി മീറ്ററും മൂഴിയാറില്‍ 143 മില്ലി മീറ്റര്‍ മഴയുമാണ് രേഖപ്പെടുത്തിയത്.

Signature-ad

അതേസമയം കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. താലൂക്കില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടാകുന്നതല്ല.

മലയോരമേഖലകളില്‍ ജാഗ്രത തുടരണമെന്ന് അധികൃത‍ര്‍ അറിയിച്ചിട്ടുണ്ട്.പത്തനംതിട്ടയിലും ആലപ്പുഴയിലും എറണാകുളത്തും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Back to top button
error: