കിഴക്കൻ മേഖലയില്‍ അപ്രതീക്ഷിത മഴയെത്തിയതായി വിവരം ഉണ്ടായിരുന്നെങ്കിലും ജനവാസ മേഖലയില്‍ വെള്ളിയാഴ്ച ഉച്ചവരെ കടുത്ത വേനലായിരുന്നു.എന്നാൽ വൈകിട്ടോടെ ജലസംഭരണികള്‍ നിറഞ്ഞുകവിഞ്ഞതിനാല്‍ തുറന്നുവിടുമെന്ന അറിയിപ്പ് വന്നതാണ് ആളുകളില്‍ ഭീതിയുണ്ടാക്കിയത്.
ഗവി റോഡില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെടുകയും വനമേഖലയില്‍ മേഘസ്ഫോടനവും ഉരുള്‍പൊട്ടല്‍ ഉണ്ടായതായും വാര്‍ത്ത പരക്കുകയും ചെയ്തതോടെ മറ്റൊരു പ്രളയത്തെ അഭിമുഖീകരിക്കേണ്ടി വരുമോ എന്ന ആശങ്കയും നദീതീരത്തെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായി.പത്തനംതിട്ടയുടെ കിഴക്കൻ മേഖലയിൽ ലഘു മേഘവിസ്ഫോടനം നടന്നെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
കക്കിയില്‍ 22.5 സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തി. അത്തിക്കയത്ത് 16 സെന്റിമീറ്ററും ആങ്ങമൂഴിയില്‍ 14.7 സെന്റിമീറ്ററും മഴ ലഭിച്ചു. പുതിയ കാലാവസ്ഥ മുന്നറിയിപ്പുകള്‍ വന്നുകൊണ്ടിരിക്കുന്നതിനാല്‍ വെള്ളപ്പൊക്ക സാധ്യത ഉള്ളതായും നാട്ടുകാര്‍ ആശങ്കപ്പെടുന്നു.