കിലോക്ക് 250 രൂപക്ക് മുകളിലുണ്ടായിരുന്ന തക്കാളി വിലയാണ് ഇപ്പോള്‍ താഴ്ന്നു പോയത്. തക്കാളിക്ക് വില കുഞ്ഞതോടെ കര്‍ഷകരും ആശങ്കയിലാണ്.പൊതുവിപണിയില്‍ കിലോക്ക് 14 രൂപയുള്ള തക്കാളി വരും ദിവസങ്ങളില്‍ മൊത്തവില കിലോക്ക് 5-10 രൂപയായി താഴുമെന്ന സൂചനയാണ് മൈസൂരുവിലെയും കോലാറിലെയും കര്‍ഷകര്‍ നല്‍കുന്നത്.
ദക്ഷിണേന്ത്യയിലെ തക്കാളിയുടെ ഏറ്റവും വലിയ വിപണിയാണ് കോലാര്‍ മാർക്കറ്റ്.നേപ്പാളില്‍ നിന്നുള്ള തക്കാളിയുടെ ക്രമാതീതമായ ഇറക്കുമതിയും വിലക്കയറ്റത്തില്‍ ആകൃഷ്ടരായി നിരവധി കര്‍ഷകര്‍ തക്കാളി കൃഷി ചെയ്യാന്‍ തുടങ്ങിയതും വിലയിടിവിന് കാരണമായിട്ടുണ്ട്.
രണ്ടാഴ്ചക്കിടെ കോലാര്‍ വിപണിയിലേക്ക് തക്കാളിയുടെ വരവ് പതിന്മടങ്ങ് വര്‍ധിച്ചതായും ഇവിടുത്തെ വ്യാപാരികൾ പറയുന്നു. ചല്ലക്കെര, മാണ്ഡ്യ, തുമകുരു എന്നിവിടങ്ങളിലെ കര്‍ഷകരും തങ്ങളുടെ ഉല്പന്നങ്ങള് കോലാര്‍ മാര്‍ക്കറ്റിലാണ് ഇറക്കുന്നത്.
മൊത്ത വിപണിയിലെ വിലയിടിവ് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. നഷ്ടം നികത്താനായി സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. അടുത്ത മാസം പകുതിവരെ തക്കാളി വിലയിടിവ് തുടരുമെന്നും ഒക്ടോബര്‍ -നവംബര്‍ മാസത്തില്‍ ദീപാവലിയോടനുബന്ധിച്ച് വില ഉയരുമെന്ന് പ്രത്യാശിക്കുന്നതായും വ്യാപാരികള്‍ പറഞ്ഞു.