KeralaNEWS

‘സഖാക്കളുടെ അറിവിലേക്ക്, പിണറായി വിജയന് വരാമെങ്കില്‍ എനിക്കും പങ്കെടുക്കാം’; പുതുപ്പള്ളിയില്‍ എത്തിയതില്‍ നിഖില്‍ പൈലി

പുതുപ്പള്ളി: കൊലക്കേസ് പ്രതിയാണ് പുതുപ്പള്ളിയിൽ യുഡിഎഫിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന പരാമർശങ്ങളിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി. വാടിക്കൽ രാമകൃഷ്ണൻ കൊലപാതക കേസിലെ ഒന്നാംപ്രതിയാണ് പിണറായി വിജയനെന്നും അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് കൺവെൻഷന് വരാമെങ്കിൽ തനിക്കും പങ്കെടുക്കാമെന്നാണ് നിഖിൽ പൈലി പറയുന്നത്.

നിഖിൽ പൈലിയുടെ കുറിപ്പ്: ”സഖാക്കളുടെ അറിവിലേക്ക്, വാടിക്കൽ രാമകൃഷ്ണൻ കൊലപാതക കേസിലെ ഒന്നാംപ്രതി പിണറായി വിജയൻ ജയ്ക്ക് സീ തോമസിന് വേണ്ടി തെരഞ്ഞെടുപ്പ് കൺവെൻഷന് വരാമെങ്കിൽ എനിക്കും പങ്കെടുക്കാം. ഞാനും കുറ്റാരോപിതൻ മാത്രമാണ്. കൊലക്കേസ് പ്രതികൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പാടില്ലെങ്കിൽ പിണറായി വിജയനെയും എംഎം മണിയെയും പി ജയരാജനെയും വീട്ടിലിരുത്തിയിട്ട് പോരേ കോൺഗ്രസിനെ ഉപദേശിക്കാൻ. നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് അവിടുത്തെ സ്ഥാനാർത്ഥി.”

Signature-ad

ധീരജ് കൊലക്കേസ് പ്രതിയായ നിഖിൽ പൈലിയെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമതലപ്പെടുത്തിയത് ഖേദകരമാണെന്ന് ഡിവൈഎഫ്‌ഐ ഇന്നലെ പറഞ്ഞിരുന്നു. യുഡിഎഫ് പ്രചാരണം നിഖിൽ പൈലി നിയന്ത്രിക്കുന്ന വിഷയത്തിൽ ചാണ്ടി ഉമ്മൻ മറുപടി പറയണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരുന്നു.

ഡിവൈഎഫ്ഐ കുറിപ്പ്: ”ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊലയാളികളെ രംഗത്തിറക്കിയിരിക്കുകയാണ്. ഇടുക്കി ഗവ: എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥി ധീരജിനെ കുത്തി കൊലപ്പെടുത്തിയ നിഖിൽ പൈലിയെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി നിയമിക്കുകയും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തത് ഖേദകരമാണ്. നിഖിൽ പൈലിയെ മണ്ഡലത്തിലുടനീളം പ്രചാരണത്തിനു വേണ്ടി കൊണ്ടുനടക്കുന്ന യുഡിഎഫിന്റെ കാപട്യം ജനങ്ങൾ തിരിച്ചറിയണം. യു ഡി എഫ് സ്ഥാനാർത്ഥി പോലും നിഖിൽ പൈലി പ്രചാരണം നടത്തുന്നതിനെ ന്യായീകരിക്കുകയുണ്ടായി. കോൺഗ്രസ് അനുഭാവിയായിരുന്ന ധീരജിന്റെ പിതാവ് സ്വന്തം മകനെ കൊലപ്പെടുത്തിയ നിഖിൽ പൈലിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടു വന്നതിനെതിരെ രംഗത്ത് വന്നിരുന്നു. ഒരു കൊലയാളിയെ വെള്ളപൂശി താരപ്രചാരകനാക്കി പുതുപ്പള്ളിയിൽ പ്രചാരണം നടത്തുന്നതിൽ എന്ത് ധാർമ്മികതയാണ് കോൺഗ്രസ് മുന്നോട്ട് വെക്കുന്നത്. കെ.സുധാകരൻ തന്നെ നിഖിൽ പൈലിയെ ന്യായീകരിച്ചു മുന്നോട്ട് വന്നത് നാം കണ്ടതാണ്. കൊലപാതകികൾക്ക് സംരക്ഷണവും ഒത്താശയും ചെയ്തു കൊടുക്കുന്ന യൂത്ത് കോൺഗ്രസിന്റെ സമീപനം മലപ്പുറം തുവ്വൂർ കൊലപാതകത്തിലും പ്രകടമാണ്. കൊലയാളിയെ വിശുദ്ധനാക്കുന്ന കോൺഗ്രസിന്റെ ഇത്തരത്തിലുള്ള അധമ രാഷ്ട്രീയത്തിന് കൂടി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലൂടെ പൊതുജനം ഉത്തരം നൽകും. പുതുപ്പള്ളിയിൽ യുഡിഎഫ് പ്രചാരണം കൊലക്കേസ് പ്രതി നിഖിൽ പൈലി നിയന്ത്രിക്കുന്ന വിഷയത്തിൽ ചാണ്ടി ഉമ്മൻ മറുപടി പറയണം.”

Back to top button
error: