ആലപ്പുഴ: സിപിഎമ്മിലെ രൂക്ഷമായ വിഭാഗീയതയെത്തുടര്‍ന്ന് പാര്‍ട്ടിയുമായി ഇടഞ്ഞുനിന്ന കുട്ടനാട്ടിലെ പ്രവര്‍ത്തകര്‍ കൂട്ടമായി സിപിഐയിലേക്ക്. കുട്ടനാട് ഏരിയ കമ്മിറ്റി പരിധിയിലെ 5 പഞ്ചായത്തുകളില്‍ നിന്ന് 294 പേരാണു സിപിഎം വിടുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും സിപിഐയില്‍ ചേരാന്‍ അപേക്ഷ നല്‍കി.
സിപിഐ നേതൃത്വവുമായി ഇവര്‍ ചര്‍ച്ച നടത്തി. സെപ്റ്റംബര്‍ പത്തോടെ കൂടുതല്‍ പേര്‍ പാര്‍ട്ടി വിടാന്‍ തയാറെടുക്കുന്നെന്നാണു സൂചന. പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്തംഗങ്ങള്‍, പാര്‍ട്ടി ഏരിയ, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, പോഷക സംഘടനകളുടെ ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയാണു പാര്‍ട്ടി വിടുന്നത്.
രാമങ്കരിയില്‍ നിന്ന് 89 പേരും മുട്ടാറില്‍ നിന്ന് 81 പേരും തലവടിയില്‍ നിന്ന് 68 പേരും കാവാലത്തു നിന്ന് 45 പേരും വെളിയനാട്ടു നിന്ന് 11 പേരുമുണ്ട്. സിപിഎമ്മിനു വന്‍ ഭൂരിപക്ഷമുള്ള രാമങ്കരി പഞ്ചായത്തില്‍ സിപിഎമ്മിന്റെ ആധിപത്യം നഷ്ടപ്പെടാനും ഇതു കാരണമായേക്കും. ഭരണസമിതിയിലെ 9 സിപിഎം അംഗങ്ങളില്‍ പ്രസിഡന്റ് അടക്കം 6 പേര്‍ പാര്‍ട്ടി വിടുമെന്നാണു സൂചന. പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി തിരഞ്ഞെടുപ്പു മുതല്‍ തുടരുന്ന വിഭാഗീയതയാണ് ഇപ്പോള്‍ പൊട്ടിത്തെറിയിലെത്തിയത്.