IndiaNEWS

ഇന്ത്യൻ റെയില്‍വേയിലെ ആദ്യത്തെ ട്രാക്ക് വുമൺ പടിയിറങ്ങുന്നു

കാസര്‍കോട് : ഒരു കയ്യില്‍ സ്‌പാനറും മറുകയ്യില്‍ ഹാമറുമായി ദിവസവും 12 കിലോമീറ്റര്‍ യാത്ര. ചരിത്രത്തിലേക്ക് നടന്ന് കയറിയ രമണിയുടെ ആ യാത്ര നാളെ അവസാനിക്കുകയാണ്. 41 വര്‍ഷം മുമ്ബാണ് ഇന്ത്യൻ റെയില്‍വേയുടെ ട്രാക്കിലൂടെ ചെറുവത്തൂര്‍ സ്വദേശിനി രമണി നടന്ന് തുടങ്ങിയത്.

ആദ്യം ചെറുവത്തൂരും മറ്റും നിര്‍ത്തിയിടുന്ന ട്രെയിനുകളുടെ പരിപാലനമായിരുന്നു ജോലി. പിന്നീട് ട്രാക്ക് വുമണ്‍ (Track Woman) ആയി സ്ഥാനക്കയറ്റം. അതൊരു ചരിത്രമായിരുന്നു. ഇന്ത്യൻ റെയില്‍വേയിലെ ആദ്യത്തെ ട്രാക്ക് വുമണായിരുന്നു രമണി. പിന്നീടിങ്ങോട്ട് വര്‍ഷങ്ങളോളം സേവനമനുഷ്‌ഠിച്ച രമണി ഇന്ത്യൻ റെയില്‍വേയില്‍ നിന്നും പടിയിറങ്ങുകയാണ്.

1982ല്‍, തന്‍റെ 19-ാം വയസിലാണ് രമണി റെയില്‍വേയില്‍ താത്‌കാലികമായി ജോലിയില്‍ പ്രവേശിച്ചത്. പിന്നിട് ട്രാക്ക് വുമണ്‍ ആയി സ്ഥിരപ്പെട്ടു. ജോലിക്കായി അഭിമുഖം നടന്ന മംഗലാപുരത്ത് തന്നെ ആദ്യ നിയമനവും കിട്ടി.

Signature-ad

നോക്കത്താ ദൂരത്ത് നീണ്ടു കിടക്കുന്ന റെയില്‍വേ പാളത്തിലൂടെ ദിവസവും നടക്കണം. അക്കാലത്ത് ഒരു ട്രാക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നത്. സമീപത്ത് വീടുകള്‍ പോലും ഉണ്ടായിരുന്നില്ല. ഭാഷയും പ്രശ്‌നമായിരുന്നു. ആദ്യം ഭയം ഉണ്ടായിരുന്നെങ്കിലും പിന്നീട് ട്രാക്ക് പരിചിതമായെന്ന് രമണി ഓര്‍ക്കുന്നു. അക്കാലത്ത് റെയില്‍വേയില്‍ ട്രാക്ക്‌മാൻ പോസ്‌റ്റിലെ പുരുഷന്മാരുടെ കുത്തകയാണ് രമണിയുടെ വരവോടെ അവസാനിച്ചത്.

തുടക്കത്തില്‍ മൃതദേഹങ്ങള്‍ ട്രാക്കില്‍ ചിന്നിച്ചിതറി കിടക്കുന്നത് രമണിയെ പേടിപ്പെടുത്തിയിരുന്നു. പല ദിവസങ്ങളിലും ഭക്ഷണം പോലും കഴിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും രമണി ഓര്‍ക്കുന്നു. പിന്നീട് അതൊക്ക ശീലമായി. കൊവിഡ് സമയത്ത് 20 ദിവസത്തെ അവധി ഒഴിച്ചാല്‍ ബാക്കി എല്ലാ ദിവസവും രമണി ട്രാക്കില്‍ ഉണ്ടായിരുന്നു. മഴയായാലും വെയിലായാലും മഞ്ഞായാലും ജോലിക്ക് മുടക്കമില്ല. ജോലിയുടെ മികവില്‍ പല പുരസ്‌കാരങ്ങളും രമണിയെ തേടിയെത്തി.പയ്യന്നൂര്‍ സെക്ഷനില്‍നിന്ന്‌ ഗാങ്‌മേറ്റായാണ്‌ രമണി വിരമിക്കുന്നത്‌.

Back to top button
error: