IndiaNEWS

”എന്തുകൊണ്ടാണ് നിങ്ങള്‍ പാക്കിസ്ഥാനിലേക്ക് പോകാത്തത്?” അധ്യാപിക വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന വിദ്യാര്‍ഥികളുടെ പരാതിയില്‍ കേസ്

ന്യൂഡല്‍ഹി: അധ്യാപിക വര്‍ഗീയ പരാമര്‍ശം നടത്തിയെന്നും വിഭജന സമയത്ത് തങ്ങളുടെ കുടുംബം പാകിസ്ഥാനിലേക്ക് പോകാതിരുന്നത് എന്തുകൊണ്ടാണെന്നു ചോദിച്ചുവെന്നും കാട്ടി ഡല്‍ഹി സ്‌കൂളിലെ നാല് വിദ്യാര്‍ത്ഥികളുടെ പരാതി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ 7 വയസ്സുകാരനായ വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ടു തല്ലിച്ച സംഭവത്തില്‍ അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെയാണു വിദ്യാര്‍ഥികളോടു വര്‍ഗീയ പരാമര്‍ശം നടത്തിയതായി കാട്ടി അധ്യാപികയ്‌ക്കെതിരെ ഡല്‍ഹിയിലെ സ്‌കൂളില്‍നിന്നു പരാതിയുയര്‍ന്നത്.

ഗാന്ധിനഗറിലെ സര്‍ക്കാര്‍ സര്‍വോദയ ബാല വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളുടെ പരാതിയെത്തുടര്‍ന്ന് അധ്യാപികയായ ഹേമ ഗുലാത്തിക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. ആരോപണങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

Signature-ad

വിദ്യാര്‍ഥികളിലൊരാളുടെ പരാതിപ്രകാരം ബുധനാഴ്ചയാണ് ഹേമ ഗുലാത്തി വര്‍ഗീയ പരാമര്‍ശം നടത്തിയത്. ”വിഭജന സമയത്ത് നിങ്ങള്‍ പാക്കിസ്ഥാനിലേക്കു പോയിട്ടില്ല. നിങ്ങള്‍ ഇന്ത്യയില്‍ താമസിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തില്‍ നിങ്ങള്‍ക്ക് ഒരു സംഭാവനയും ഇല്ല,” അധ്യാപികയെ ഉദ്ധരിച്ച് പരാതിയില്‍ പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണു പരാതി നല്‍കിയതെന്ന് പകര്‍പ്പ് വ്യക്തമാക്കുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ സ്‌കൂളില്‍ കലഹത്തിന് ഇടയാക്കുമെന്നും അധ്യാപികയെ പിരിച്ചുവിടണമെന്നും വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ ആവശ്യപ്പെട്ടു.

”ഈ അധ്യാപിക ശിക്ഷിക്കപ്പെടാതെ പോയാല്‍ മറ്റുള്ളവര്‍ക്കും സമാന പരാമര്‍ശങ്ങള്‍ നടത്താന്‍ ധൈര്യം വരും. അവര്‍ക്ക് അറിവില്ലാത്ത കാര്യങ്ങളില്‍ സംസാരിക്കുന്നത് ഒഴിവാക്കി വിദ്യാര്‍ഥികളെ നന്നായി പഠിപ്പിക്കാന്‍ പറയണം. വിദ്യാര്‍ഥികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സൃഷ്ടിക്കുന്ന ഒരു അധ്യാപികയുടെ ആവശ്യമില്ല. അധ്യാപികയെ സ്‌കൂളില്‍നിന്ന് പുറത്താക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു, അവര്‍ ഒരു സ്‌കൂളിലും ഇനി പഠിപ്പിക്കാന്‍ ഇടയാകരുത്” ഇതേ സ്‌കൂളിലെ രണ്ട് കുട്ടികളുടെ അമ്മ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

 

 

Back to top button
error: