തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം വലിയ തോതില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് മറ്റൊരു സൂപ്പര്‍സ്റ്റാര്‍ കൂടി കടന്നു വരുമ്പോള്‍ എന്ത് മാറ്റമാണ് സംസ്ഥാനത്തിനുണ്ടാവാന് പോവുന്നതെന്നറിയാന്‍ ആരാധകരും ജനങ്ങളും ഒരുപോലെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. എന്നാല്‍ ഇപ്പോഴിതാ തമിഴകവും രാജ്യവും കാത്തിരുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് സൂപ്പര്‍ സ്റ്റാര്‍ പിന്മാറുന്നു എന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.
കടുത്ത നിരാശയോടെയാണ് പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറുന്നതെന്ന് സൂപ്പര്‍ താരം അറിയിച്ചത്. ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുന്നതെന്നാണ് താരത്തിന്റെ വിശദീകരണം. അടുത്തിടെ രക്തസമ്മര്‍ദ്ദത്തിലെ കാര്യമായ വ്യതിയാനത്തെ തുടര്‍ന്ന് ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് രജനീകാന്ത് കഴിഞ്ഞ ദിവസമാണ് ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തിയത്. ചികിത്സ തുടരണമെന്നും വിശ്രമം വേണമെന്ന് ഡോക്റ്റര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഈ പുതിയ തീരുമാനം.
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പാര്‍ട്ടിയുടെ പുതിയ പേര് മക്കള്‍ സേവൈ കക്ഷി എന്ന് തീരുമാനിച്ചിരുന്നു. മക്കള്‍ ശക്തി കഴകമെന്ന പേരുമാറ്റിയാണ് പുതിയ പേര് രജിസ്റ്റര്‍ ചെയ്തത്. പാര്‍ട്ടിയുടെ ചിഹ്നമായ ഓട്ടോറിക്ഷയും പാര്‍ട്ടിയുടെ പേരും പിന്നീട് തിരഞ്ഞെടുപ്പ് കമ്മിഷന് അംഗീകരിച്ചിരുന്നു. നേരത്തെ മക്കള്‍ ശക്തി കഴകം എന്ന പേരും ബാബ മുദ്ര ചിഹ്നവുമാണ് പാര്‍ട്ടിക്കായി സ്റ്റൈല്‍ മന്നന് പരിഗണിച്ചിരുന്നത്. എന്നാല്‍ പേര് മാറ്റാനും ഓട്ടോറിക്ഷ പുതിയ ചിഹ്നമായി ലഭിക്കാനും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയായിരുന്നു.
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഈ മാസം ആദ്യമാണ് രജനികാന്ത് പ്രഖ്യാപിച്ചത്. ആരാധക കൂട്ടായ്മയായ രജനി മക്കള്‍ മന്‍ട്രവുമായുളള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പ്രഖ്യാപനം. ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും ജനുവരിയില്‍ പുതിയ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുമെന്നും സൂപ്പര്‍ സ്റ്റാര്‍ വ്യക്തമാക്കിയിരുന്നു. തമിഴ്നാട്ടില്‍ ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്നും രജനികാന്ത് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഒന്നരയാഴ്ചയായി പുതിയ ചിത്രം ‘അണ്ണാത്തെ’യുടെ ഹൈദരാബാദ് ഷെഡ്യൂളില്‍ പങ്കെടുത്തുവരികയായിരുന്നു രജനി. എന്നാല്‍ ചിത്രീകരണസംഘത്തിലെ എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 23ന് ചിത്രീകരണം പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരുന്നു. രജനീകാന്തിന് നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെന്നാണ് കണ്ടെത്തിയതെങ്കിലും അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്നാണ് രക്ത സമ്മര്‍ദ്ദത്തില്‍ വ്യതിയാനം കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്തായാലും താരത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം പിന്‍വലിച്ചതോടെ തമിഴകം ഒന്നടങ്കം നിരാശയിലായിരിക്കുകയാണ്.