CrimeNEWS

മുന്‍വൈരാഗ്യം മൂലം മക്കളുടെ മുന്നിലിട്ട് അച്ഛനേയും അമ്മയേയും വെട്ടി; അയല്‍വാസി പിടിയില്‍

പത്തനംതിട്ട: മക്കളുടെ മുന്നില്‍ വച്ച് അച്ഛനേയും അമ്മയേയും വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. ആക്രമണത്തിനിടെ മക്കള്‍ ഓടി രക്ഷപ്പെട്ടു. ചെങ്ങറ സമര ഭൂമിയില്‍ ശാഖ 48സ് ശ്യാം (50) ആണ് മലയാലപ്പുഴ പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച ഉച്ചയ്ക്ക് അതുമ്പുംകുളത്തെ സമര ഭൂമിയിലാണ് സംഭവം.

ചെങ്ങറ സമര ഭൂമിയില്‍ താമസിക്കുന്ന ബീന, ഇവരുടെ ഭര്‍ത്താവ് ബിനു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് വ്യക്തമാക്കി.

Signature-ad

ബീനയും ബിനുവും മക്കള്‍ക്കൊപ്പം ഇവരുടെ താമസ സ്ഥലത്തേലേക്ക് പോകുന്നതിനിടെ ശ്യാം ഇരുവരേയും തടഞ്ഞു നിര്‍ത്തി വടിവാള്‍ കൊണ്ടു വെട്ടുകയായിരുന്നു. വടിവാള്‍ ബാഗില്‍ സൂക്ഷിച്ചാണ് ഇയാള്‍ എത്തിയത്.

ആദ്യം വെട്ടേറ്റത് ബിനുവിനാണ്. പിന്നാലെ ബീനയെ കൊല്ലുമെന്നു പറഞ്ഞ് കഴുത്തില്‍ വെട്ടി. തടയാന്‍ ശ്രമിച്ച ബിനുവിന്റെ കാലില്‍ രണ്ടാമതും വെട്ടേല്‍പ്പിച്ചു. ഇടതു കാലിനാണ് പരിക്കേറ്റത്. കുട്ടികള്‍ ഈ രംഗങ്ങള്‍ കണ്ടതോടെ ഭയന്നോടി.

തൊട്ടടുത്ത ശാഖ ഓഫീസില്‍ ഉണ്ടായിരുന്ന ആളുകള്‍ ചേര്‍ന്നു ഇരുവരേയും കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയത്തേക്ക് മാറ്റി. അറസ്റ്റിലായ ശ്യാമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Back to top button
error: