നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം ഇന്നായിരുന്നു സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലേക്കും നഗരസഭകളിലേക്കും അധ്യക്ഷന്മാരെ തിരഞ്ഞെടുത്തത്. രാവിലെ 11 ന് വിവിധ ജില്ലകളില്‍ തെരഞ്ഞടുപ്പ് ടന്നു. ഉപാധ്യക്ഷന്‍മാരെ ഉച്ചയ്ക്കുശേഷമാണ് തിരഞ്ഞെടുത്തത്.
ആറ് കോര്‍പ്പറേഷനുകളിലും കളക്ടര്‍മാരാണ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് മേല്‍നോട്ടംവഹിച്ചത്. 88 മുനിസിപ്പാലിറ്റികളിലേക്കും അധ്യക്ഷ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കാന്‍ വരണാധികാരികളെയാണ് നിയോഗിച്ചത്.
തിരുവനന്തപുരത്ത് ഏറ്റവും പ്രായം കുറഞ്ഞ പേരോടെ എല്‍ഡിഎഫിന്റെ ആര്യാ രാജേന്ദ്രന്‍ കോര്‍പ്പറേഷന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 54 വോട്ടുകള്‍ നേടിയാണ് ആര്യ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കെ 99 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ ഒരു വോട്ട് അസാധുവായി. ക്വാറനൈറെനിലായതിനാല്‍ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞുമില്ല.
പത്തനംതിട്ട നഗരസഭാ ഭരണം എല്‍ഡിഎഫിന്. യുഡിഎഫ് വിമതരായ 3 സ്വതന്ത്രരുടെ പിന്തുണയോടെ സിപിഎമ്മിലെ ടി.സക്കീര്‍ ഹുസൈന്‍ ചെയര്‍മാനായി. 3 എസ്ഡിപിഐ പ്രതിനിധികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നതോടെ എല്‍ഡിഎഫ് വിജയം ഉറപ്പിക്കുകയായിരുന്നു.
അതേസമയം, പല ജില്ലകളിലും സംഘര്‍ഷങ്ങളും അരങ്ങേറി. ആലപ്പുഴയില്‍ യു.ഡി.എഫില്‍ നിന്നും വലിയ ഭൂരിപക്ഷത്തില്‍ നഗരസഭ പിടിച്ചെടുത്ത ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്കുള്ളില്‍ അധ്യക്ഷയെ തിരഞ്ഞെടുത്തത് കോഴ വാങ്ങിയാണെന്നാരോപിച്ച് പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രകടനവുമായി രംഗത്തെത്തി. പാര്‍ട്ടിയില്‍ വളരെക്കാലത്തെ പ്രവര്‍ത്തന പരിചയമുള്ള കെ.കെ ജയമ്മയെ അധ്യക്ഷയാക്കാതെ സൗമ്യ രാജെന്ന വ്യക്തിയെ അധ്യക്ഷയാക്കിയതാണ് പ്രതിഷേധത്തിന് കാരണമായത്. പ്രശ്നപരിഹാരത്തിനായി നഗരസഭയിലേക്ക് വിജയിച്ച ഇടതുപക്ഷ കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ച് കൂട്ടിയിരുന്നെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. ഇതേ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയത്.
കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിനിടെ എല്‍ഡിഎഫ്-യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. നോട്ടീസ് നല്‍കിയ പ്രകാരം ഉച്ചയ്ക്ക് 2 മണിക്ക് എല്‍ഡിഎഫ് അംഗങ്ങളും കലക്ടറും ഹാളിലെത്തിയില്ല എന്നാരോപിച്ച് യുഡിഎഫ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെയാണ് കയ്യാങ്കളി.
വൈകി എത്തിയവരെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്നും വൈകിവന്നവരെ ഒഴിവാക്കി വോട്ടെടുപ്പ് നടത്തണമെന്നും യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. രജിസ്റ്റര്‍ ഒപ്പിടാന്‍ നല്‍കാതെ യുഡിഎഫ് അംഗങ്ങള്‍ പിടിച്ചു വച്ചു. എല്ലാ അംഗങ്ങളെയും ഉള്‍പ്പെടുത്തി വോട്ടെടുപ്പ് നടത്തും എന്ന് കളക്ടര്‍ അറിയിച്ചു. കളക്ടര്‍ എല്‍ഡിഎഫുമായി ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ രംഗത്തിറങ്ങി.
കണ്ണൂര്‍ കോര്‍പറേഷനിലെ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. മുസ്‌ലിം ലീഗിനാണു ഡെപ്യൂട്ടി മേയര്‍ സ്ഥാനം ലഭിച്ചത്. കസാനക്കോട്ടയില്‍നിന്നുള്ള ഷമീമയെ ഡെപ്യൂട്ടി മേയറാക്കണമെന്നു പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താണയില്‍ ജയിച്ച കെ.ഷബീനയെ ലീഗ് ജില്ലാ പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.
ഇന്നലെ രാത്രി വരെ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ഡെപ്യൂട്ടി മേയറായി കെ.ഷബീനയെ തിരഞ്ഞെടു.ത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. പരിഗണനയിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ തള്ളിയാണ് ഷബീനയെ തിരഞ്ഞെടുത്തത്. ഇതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ യുഡിഎഫ് യോഗം കഴിഞ്ഞിറങ്ങിയ അബ്ദുള്‍ ഖാദര്‍ മൗലവിയെ തടയുകയും 15 മിനുട്ടോളം പ്രതിഷേധിക്കുകയും ചെയ്തു. ജനാധിപത്യം പാലിച്ചില്ലെന്നും കോണ്‍ഗ്രസില്‍ നടന്നതുപോലെ ഒരു വോട്ടെടുപ്പിന് പോലും തയ്യാറായില്ലെന്നും അവര്‍ ആരോപിച്ചു.
പാലക്കാട് നഗരസഭയില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കൗണ്‍സിലര്‍ വോട്ട് മാറി ചെയ്തതാണ് ബഹളത്തിനിടയാക്കിയത്. ബിജെപി മൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ വി. നടേശനാണ് വോട്ട് മാറി ചെയ്തത്. ബി.ജെ.പിക്ക് പകരം സി.പി.എമ്മിന് വോട്ട് രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം. എന്നാല്‍ അബദ്ധം തിരിച്ചറിഞ്ഞ നടേശന്‍ ബാലറ്റ് തിരിച്ചെടുത്തു. എന്നാല്‍, ഇതിനെതിരെ എല്‍.ഡി.എഫും യു.ഡി.എഫും പ്രതിഷേധവുമായി രംഗത്തെത്തി.
ബാലറ്റ് തിരിച്ചെടുത്ത് പുതിയ വോട്ട് സ്വീകരിക്കണമെന്ന് ബി.ജെ.പിയും ആവശ്യപ്പെട്ടു. ബാലറ്റ് തിരിച്ച് നല്‍കിയില്ലെങ്കില്‍ നടപടി നേരിടുമെന്ന് വരണാധികാരി അറിയിച്ചു. തുടര്‍ന്ന് നടേശന്റെ വോട്ട് അസാധുവായതായി വരണാധികാരി പ്രഖ്യാപിച്ചു.
നെടുമങ്ങാട് നഗരസഭയില്‍ വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മും സി.പി.ഐയും തമ്മിലുണ്ടായ പോരാട്ടവും ഇത്തവണത്തെ അപൂര്‍വ കാഴ്ചയായി. സി.പി.ഐയ്ക്ക് ഉപാധ്യക്ഷ സ്ഥാനം നല്‍കാമെന്ന് നേരത്തെയുണ്ടാക്കിയിരുന്ന ധാരണ തെറ്റിച്ചതാണ് ഇവിടെ സി.പി.എം.-സി.പി.ഐ. ഏറ്റുമുട്ടലിലേയ്ക്ക് നയിച്ചത്. തുടര്‍ന്ന് ഉപാധ്യക്ഷ സ്ഥാനത്തേക്ക് സി.പി.എമ്മും സി.പി.ഐയും സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചു. സി.പി.എം. സ്ഥാനാര്‍ഥി ഹരികേശന്‍ നായരാണ് വിജയിച്ചത്- 24 വോട്ടിന്. മൂന്ന് വോട്ടാണ് സി.പി.ഐ. സ്ഥാനാര്‍ഥി എസ്. രവീന്ദ്രന് ലഭിച്ചത്.