രാജ്യത്ത് കോവിഡ് 19 ചികിത്സയിലുള്ളവരുടെ എണ്ണം ക്രമമായി കുറയുന്ന പ്രവണത തുടരുന്നു. നിലവില്‍ ചികിത്സയിലുള്ളത് 2,77,301 പേരാണ്. ആകെ രോഗബാധിതരുടെ 2.72% മാത്രമാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 1,389 പേരുടെ കുറവു രേഖപ്പെടുത്തി.
ഒരു മാസത്തിലേറെയായി പ്രതിദിന രോഗമുക്തര്‍ ദിവസേനയുള്ള പുതിയ രോഗബാധിതരേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20,021 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 21,131 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 98 ലക്ഷത്തോട് അടുക്കുന്നു (97,82,669). രോഗമുക്തി നിരക്ക് 95.83 ശതമാനമായി ഉയര്‍ന്നു. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ച് 95 ലക്ഷം പിന്നിട്ടു (95,05,368).
ആഗോളതലത്തിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ദശലക്ഷം ജനസംഖ്യയില്‍ രോഗബാധിതരുടെ എണ്ണം ഇന്ത്യയില്‍ ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് (7,397). 10,149 ആണ് ആഗോള ശരാശരി. റഷ്യ, യുകെ, ഇറ്റലി, ബ്രസീല്‍, ഫ്രാന്‍സ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില്‍ ദശലക്ഷം ജനസംഖ്യയില്‍ ഇതിലുമേറെയാണ് രോഗബാധിതര്‍.
പുതുതായി രോഗബാധിതരായവരുടെ 72.99% പത്ത് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തിലാണ് കൂടുതല്‍ (3,463). കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 2,124 പേരും പശ്ചിമ ബംഗാളില്‍ 1,740 പേരും രോഗമുക്തരായി.
പുതിയ രോഗബാധിതരുടെ 79.61% പത്ത് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തിലാണ് കൂടുതല്‍ – (4,905). മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും യഥാക്രമം 3314 ഉം 1,435 ഉം പേര്‍ക്കു രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 279 കോവിഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന മരണങ്ങളില്‍ 80.29% പത്ത് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. മഹാരാഷ്ട്രയിലാണ് കൂടുതല്‍ (66 മരണം). പശ്ചിമ ബംഗാളിലും കേരളത്തിലും യഥാക്രമം 29 ഉം 25 ഉം പേര്‍ മരിച്ചു.
പ്രതിദിന മരണസംഖ്യയും ഇന്ത്യയില്‍ കുറയുകയാണ്. ദശലക്ഷം പേരില്‍ ഇന്ത്യയിലെ മരണസംഖ്യ (107) ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. 224 മരണമാണ് ആഗോള ശരാശരി.