ബംഗളൂരു: ഐ.എസ്.ആര്‍.ഒയിലെ ഓരോ ശാസ്ത്രജ്ഞരെയും സല്യൂട്ട് ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യ വിജയത്തില്‍ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാന്‍ ഇസ്ട്രാക്ക് സെന്ററിലെത്തിയതായിരുന്നു അദ്ദേഹം. തന്റെ ദ്വിരാഷ്ട്ര സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി ബെം?ഗളൂരുവില്‍ എത്തിയത്.
ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലം ശിവശക്തി എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശിവശക്തി പോയന്റ് ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളുടെ അടയാളമാണ്. അസാധാരണ നേട്ടമാണ് കൈവരിച്ചത്. ബഹിരാകാശത്ത് ഭാരതത്തിന്റെ ശംഖുനാദം മുഴങ്ങിയിരിക്കുന്നു. ശാസ്ത്രജ്ഞര്‍ രാജ്യത്തെ ഉയരത്തില്‍ എത്തിച്ചെന്നും മോദി പറഞ്ഞു.
”ഇന്ത്യ ചന്ദ്രനിലെത്തിയിരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ പ്രൗഢി അത്രത്തോളം ഉയര്‍ന്നു. ചന്ദ്രയാന്‍ 3 ലാന്‍ഡിങ് ഓരോ നിമിഷവും ഓര്‍മയുണ്ട്. ഇന്ന് എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത്തരം സന്ദര്‍ഭങ്ങള്‍ വളരെ വിരളമാണ്. ഞാന്‍ സൗത്ത് ആഫ്രിക്കയില്‍ ആയിരുന്നെങ്കിലും മനസ്സ് നിങ്ങളുടെ ഒപ്പമായിരുന്നു”- മോദി പറഞ്ഞു.
ശനിയാഴ്ച രാവിലെ ഇസ്ട്രാക്കിലെത്തിയ അദ്ദേഹത്തെ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥ് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. റോവറിന്റെ പ്രവര്‍ത്തനം മോദിക്ക് മുന്നില്‍ ഗ്രാഫിക്സിലൂടെ വിശദീകരിച്ച ശാസ്ത്രജ്ഞര്‍ ലാന്‍ഡറിന്റെ നിഴല്‍ ചന്ദ്രോപരിതലത്തില്‍ പതിഞ്ഞ ചിത്രവും അദ്ദേഹത്തിന് സമ്മാനിച്ചു. പ്രധാനമന്ത്രി എത്തിയതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഐ.എസ്.ആര്‍.ഓ മേധാവി പ്രതികരിച്ചു.