KeralaNEWS

90 കളിലും തളരാത്ത പോരാട്ടവീര്യം; കോടതിയില്‍നിന്ന് മുദ്രാവാക്യം മുഴക്കി ഗ്രോ വാസു

കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു(94)വിനെതിരായ കേസില്‍ തുടര്‍വിചാരണ അടുത്തമാസം നാലിന്. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കിയ വാസുവിനെ കുന്നമംഗലം കോടതിയില്‍ ഇന്ന് ഹാജരാക്കി. 40 മിനിറ്റോളം നീണ്ട വിചാരണയില്‍ കേസിലെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ എസ്‌ഐ ഉബൈദുല്ല, എഎസ്‌ഐ സി.പി. അണ്ടാല്‍ അസീസ് എന്നിവരെ വിസ്തരിച്ചു. കേസില്‍ ഒന്നു മുതല്‍ നാലുവരെയുള്ള സാക്ഷികളെയാണു വിളിപ്പിച്ചത്. എന്നാല്‍ മൂന്നും നാലും സാക്ഷികള്‍ എത്തിയില്ല. പ്രായമായ ആളാണെന്നും വിചാരണ നീട്ടിക്കൊണ്ടു പോകരുതെന്നും മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടു.

കേസിലെ 7,9,16 സാക്ഷികളോടു നാലാം തീയതി ഹാജരാകാനും ഇന്നു വരാതിരുന്ന നാലാം സാക്ഷിയോടു നിര്‍ബന്ധമായും ഹാജരാവാനും കോടതി ആവശ്യപ്പെട്ടു. അന്നത്തെ മെഡിക്കല്‍ കോളജ് സിഐയോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റപത്രത്തിനും സാക്ഷിമൊഴിക്കുമെതിരേ എതിര്‍ വാദം ഉണ്ടോ എന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിനു രണ്ടു തവണയും ഇല്ലെന്നായിരുന്നു ഗ്രോ വാസുവിന്റെ പ്രതികരണം. കനത്ത സുരക്ഷയാണു കോഴിക്കോട് കുന്നമംഗലം കോടതി പരിസരത്ത് ഒരുക്കിയത്. വാസുവിനു കോടതിയില്‍ ഇരിക്കാന്‍ സ്റ്റൂള്‍ അനുവദിച്ചിരുന്നു. കോടതി വരാന്തയില്‍ മുദ്രാവാക്യം മുഴക്കിയാണ് ഗ്രോ വാസു തിരിച്ചു പോയത്. കോടതിയില്‍നിന്നു തിരിച്ചു പോലീസ് വാഹനത്തില്‍ കയറ്റുന്നതിനിടെ ഗ്രോ വാസുവിന്റെ മുഖം ഉദ്യോഗസ്ഥന്‍ പോലീസ് തൊപ്പി ഉപയോഗിച്ചു മറച്ചു.

Signature-ad

മാവോയിസ്റ്റ് പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ടു മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കു മുന്‍പില്‍ സംഘം ചേര്‍ന്നതിനും മാര്‍ഗതടസം സൃഷ്ടിച്ചതിനും മെഡിക്കല്‍ കോളജ് പോലീസ് എടുത്ത കേസിലാണു ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്.

 

 

Back to top button
error: